അധ്യാപകര്‍ക്ക് പോലും തടയാന്‍ കഴിയാത്ത തരത്തില്‍ വ്യാപകമായ കോപ്പിയടിയാണ് മുംബൈ ഐ.ഐ.ടിയില്‍ നടക്കുന്നതെന്ന് വെളിപ്പെടുത്തി അധ്യാപകരിലൊരാള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്ക് അയച്ച കത്ത് ചര്‍ച്ചയാവുന്നു. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.ടികളുടെ അക്കാദമിക നിലവാരം ചോദ്യം ചെയ്യുന്നതാണ് കത്തിന്റെ ഉള്ളടക്കം.

തന്റെ അറിവനുസരിച്ച് മുംബൈ ഐ.ഐ.ടിയില്‍ നടക്കുന്ന എല്ലാ പരീക്ഷകളിലും വ്യാപക ക്രമക്കേടുകളാണ് നടക്കുന്നതെന്ന് അധ്യാപകന്റെ കത്ത് വെളിപ്പെടുത്തുന്നു. പരീക്ഷകള്‍ക്കിടയിലും ശേഷവും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടോയ്‍ലറ്റുകളില്‍ നിന്ന് കോപ്പിയടിക്കാന്‍ ഉപയോഗിച്ച സാമഗ്രികള്‍ കണ്ടെത്തുന്നത് പതിവാണ്. പരീക്ഷകള്‍ക്കിടെ ടോയ്‍ലെറ്റില്‍ പോകാനെന്ന വ്യാജേനേ വിദ്യാര്‍ത്ഥികള്‍ ഇവ എടുത്തുകൊണ്ടുവരികയോ അവിടെ പോയി നോക്കിയ ശേഷം വന്ന് പരീക്ഷയെഴുതുകയോ ചെയ്യും. പരീക്ഷാ ഹാളില്‍ വെച്ച് ഇവ പരസ്പരം കൈമാറും. ഫോണുകളില്‍ ഡിജിറ്റല്‍ രൂപത്തിലാക്കി കൊണ്ടുവരുന്ന നോട്ടുകള്‍ കേട്ടെഴുതുന്നവരുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകരം സുഹൃത്തുക്കള്‍ വന്ന് പരീക്ഷയെഴുതുന്ന രീതി പോലും നിലവിലുണ്ടെന്നും ഉന്നത സ്ഥാനമുള്ള ഒരു സ്ഥാപനത്തിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണിതെന്നും അദ്ദേഹം വിവരിക്കുന്നു.

കോപ്പിയടി തടയാന്‍ താനടക്കമുള്ള അധ്യാപകര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ ആന്റി റോമിയോ സ്ക്വാഡ് പോലെ കോപ്പിയടി തടയാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കത്ത് മാധ്യമങ്ങളില്‍ ചര്‍ച്ചയായെങ്കിലും മുംബൈ ഐ.ഐ.ടിയിലെ മറ്റ് അധ്യാപകരോ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരോ മാധ്യമങ്ങളോട് ഇതേപ്പറ്റി പ്രതികരിക്കാന്‍ തയ്യാറായില്ല.