ദില്ലി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി. ദില്ലിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം ഉദിത് രാജാണ് യുവതീ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചത്. ദില്ലിയിൽ നിന്നുള്ള ദളിത് ബിജെപി എംപിയാണ് ഉദിത് രാജ്. 

സ്ത്രീകൾക്ക് ശബരിമലയില്‍ കയറാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. പുരുഷന്മാർ ശുദ്ധരും സ്ത്രീകൾ അശുദ്ധരും ആണെന്ന തരത്തിലുള്ള ചിന്തകൾ പ്രതിലോമകരമാണെന്ന് ഉദിത് രാജ് പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇതാദ്യമായി 50 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവതികള്‍ ഇന്ന് ശബരിമല ദര്‍ശനം നടത്തിയിരുന്നു.

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയുമാണ് ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു ദളിത് സമുദായാംഗമാണ്. ആദിവാസി ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ മല ചവിട്ടുന്നതെന്ന് ബിന്ദു പറഞ്ഞിരുന്നു.