ആയുർവേദ, ഹോമിയോ വിദ്യാർഥികൾക്ക് പോസ്റ്റ്മോർട്ടം നിരീക്ഷിക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഐഎംഎ

തിരുവനന്തപുരം: ആയുർവേദ, ഹോമിയോ വിദ്യാർഥികൾക്ക് ശസ്ത്രക്രിയ, പോസ്റ്റ്മോർട്ടം നടപടികൾ നിരീക്ഷിക്കാൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐഎംഎ അറിയിച്ചു. എന്നാൽ സിലബസിലുള്ളത് പഠിക്കാൻ അവകാശമുണ്ടെന്നാണ് ഹോമിയോ ആയുർവേദ അസോസിയേഷനുകളുടെ പ്രതികരണം.

ഹോമിയോ ആയുർവേദ മെഡിക്കൽ വിദ്യാർഥികൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലുള്ള ആശുപത്രികളിലാണ് ശസ്ത്രക്രിയ പോസ്റ്റ്മോർട്ടം ഗൈനക്കോളജി വിഭാഗങ്ങളിൽ നിരീക്ഷണാനുതി നൽകിയത്. ഇരുവിഭാഗങ്ങളുടെയും പാഠ്യപദ്ധതിയിൽ ഇതേക്കുറിച്ച് അറിഞ്ഞിരിക്കണം എന്ന് പറയുന്നുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തിൽ അസോസിയേഷനുകൾ നൽകിയ നിവേദനങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഉത്തരവിറക്കിയത്. തീരുമാനം സങ്കരവൈദ്യത്തെ പ്രോത്സാഹിപ്പിക്കുമെന്ന് അലോപ്പതി ഡോക്ടർമാര്‍ പറയുന്നു. 

അടിസ്ഥാന യോഗ്യത ഇല്ലാത്തവരെ പരിശീലിപ്പിക്കരുതെന്ന് കോടതി ഉത്തരവുണ്ടെന്ന് ഐഎംഎ വാദിക്കുന്നു. എന്നാൽ പാഠ്യപദ്ധതി പ്രകാരമുള്ള അനുമതിയാണ് നൽകിയതെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. കണ്ട് പഠിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രാക്ടീസ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്നും ഹോമിയോ ആയുർവേദ അസോസിയേഷനുകള്‍ വ്യക്തമാക്കി.