വാഷിങ്ടണ്‍: അമേരിക്കയില്‍ പുതിയ കുടിയേറ്റ നിയമ പരിഷ്‌കരണത്തിനെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കാനാകാതെ ട്രംപ് ഭരണകൂടം. കുടിയേറ്റ നിയമവും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേയും ബന്ധിപ്പിച്ചാണ് പുതിയ വിവാദം. പുതിയ നിയമത്തെ കുറിച്ച് റിപ്പബ്ലിക്കന്‍,ഡമോക്രാറ്റിക് അംഗങ്ങള്‍ തന്നെ സംശയം പ്രകടിപ്പിച്ച് കഴിഞ്ഞു.

ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ സ്റ്റീഫന്‍ മില്ലറും സിഎന്‍എന്‍ പ്രതിനിധി ജിം അകോസ്റ്റയും തമ്മില്‍ വൈറ്റ് ഹൗസില്‍ വച്ച് നടന്ന വാഗ്വാദമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സ്വസ്ഥത ആഗ്രഹിക്കുന്ന ദരിദ്രരും പീഡിതരും ക്ഷീണിതരും ഇങ്ങോട്ട് വരിക, ഇവിടെ സ്വാതന്ത്ര്യം കാത്തിരിക്കുന്നു- ഇങ്ങനെ പ്രഖ്യാപിക്കുന്ന സ്വാതന്ത്ര്യ പ്രതിമയുള്ള നാടാണിതെന്ന് സിഎന്‍എന്‍ പ്രതിനിധി ജിം അകോസ്റ്റ സ്റ്റീഫന്‍ മില്ലറെ ഓര്‍മിപ്പിച്ചു. ബ്രിട്ടീഷുകാരും ഓസ്‌ട്രേലിയക്കാരും മാത്രം അമേരിക്കയിലേക്ക് കുടിയേറിയാല്‍ മതിയെന്നാണോ പറയുന്നതെന്ന് അകോസ്റ്റ ചോദിച്ചു.
കുടിയേറ്റത്തിനായി ശ്രമിക്കുന്ന ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന അഭ്യസ്തവിദ്യരെ സഹായിക്കുന്നതാണ് പരിഷ്‌കാരങ്ങളെന്ന് മില്ലര്‍ വാര്‍ത്താസമ്മേളനത്തില്‍ ധ്വനിപ്പിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. എന്നാല്‍ ജിം അകോസ്റ്റ പറഞ്ഞത് അസംബന്ധവും, അറിവില്ലായ്മയുമാണെന്നും സ്റ്റീഫന്‍ മില്ലര്‍ പ്രതികരിച്ചു. അകോസ്റ്റ ഉദ്ധരിച്ച വരികള്‍ പിന്നീടെപ്പൊഴോ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി പ്രതിമയില്‍ കൂട്ടി ചേര്‍ത്തതാണെന്ന് പറഞ്ഞ് ഒടുവില്‍ സ്റ്റീഫന്‍ മില്ലര്‍ തടിയൂരി.

അമേരിക്കയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതാകും പുതിയ കുടിയേറ്റ നിയമമെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. വിദഗ്ധ പരിശീലനം നേടിയ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്ന തരത്തിലെ പരിഷ്‌കരണം നിര്‍ദ്ദേശിച്ചത് സെനറ്റാണ്. വിസ കിട്ടുന്നവര്‍ ബന്ധുക്കളെക്കൂടി കൊണ്ടുവരുന്ന രീതി അവസാനിപ്പിക്കാനും തീരുമാനമുണ്ട്. നയം പൊതുവില്‍ ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ കോണ്‍ഗ്രസിലെ റിപബ്ലിക്കന്‍, ഡെമോക്രാറ്റ് അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഉടനൊന്നും അംഗീകാരം കിട്ടാന്‍ സാധ്യതയില്ല.