റഷ്യയുടെ ദിമിത്രി ഡോൺസ്കോയ് എന്ന റഷ്യന്‍ ഇംപീരിയല്‍ നേവിയുടെ കപ്പലാണ് കണ്ടെത്തിയത് ജപ്പാന്റെ ആക്രമണത്തിൽ 1905 മേയ് 29നാണ് ദിമിത്രി ഡോൺസ്കോയ് മുങ്ങിതാണത്
ദക്ഷിണ കൊറിയ: നൂറ്റിപതിമൂന്ന് വര്ഷങ്ങള്ക്ക് മുമ്പ് കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള സ്വര്ണവുമായി മുങ്ങിപ്പോയ നിധിക്കപ്പല് കണ്ടെടുത്തു. 170 ബില്യണ് ഡോളര് വിലമതിക്കുന്ന സ്വര്ണക്കട്ടികളും സ്വര്ണനാണയങ്ങളും ഈ കപ്പലില് ഉണ്ടെന്നാണ് അഭ്യൂഹം. നൂറ്റിപ്പതിനാറ് കോടി രൂപയിലധികം മൂല്യമാണ് 1905ലെ യുദ്ധത്തിൽ ജപ്പാൻ മുക്കിക്കളഞ്ഞ റഷ്യൻ ഇംപീരിയൽ നേവിയുടെ കപ്പലിലെ സ്വര്ണശേഖരത്തിനുള്ളത്. സമുദ്രങ്ങളില് മുങ്ങിപ്പോയിരിക്കുന്ന കപ്പലുകള് വീണ്ടെടുക്കുന്നതില് വിദഗ്ധരായ ഷിനില് ഗ്രൂപ്പാണ് കപ്പല് കണ്ടെത്തിയ വിവരം പുറത്ത് വിട്ടത്. ദക്ഷിണ കൊറിയ ആസ്ഥാനമാക്കിയാണ് ഷിനില് ഗ്രൂപ്പിന്റെ പ്രവര്ത്തനം.
റഷ്യയുടെ ദിമിത്രി ഡോൺസ്കോയ് എന്ന റഷ്യന് ഇംപീരിയല് നേവിയുടെ കപ്പലാണ് ഇവര് കണ്ടെത്തിയിരിക്കുന്നത്. വര്ഷങ്ങള് നീണ്ട പരിശ്രമത്തിന് ഒടുവിലാണ് നിധിക്കപ്പലിലേക്ക് ഗവേഷകര് എത്തിയത്. 5800 ടൺ ഭാരമുള്ള കപ്പൽ റഷ്യയുടെ യുദ്ധക്കപ്പലുകളില് പ്രധാനപ്പെട്ടതായിരുന്നു. യുദ്ധകാലത്ത് ബാൾട്ടിക് മുതൽ ശാന്തസമുദ്രം വരെ 38 റഷ്യൻ ഇംപീരിയൽ നേവി കപ്പലുകളായിരുന്നു നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. അതിലൊന്നായിരുന്നു ഇപ്പോള് കണ്ടെത്തിയ ദിമിത്രി ഡോൺസ്കോയ്. ജപ്പാന്റെ ആക്രമണത്തിൽ 1905 മേയ് 29നാണ് ദിമിത്രി ഡോൺസ്കോയ് കടലിന്നടിയിലേക്കു താഴുന്നത്. കപ്പലിന്റെ പിന്ഭാഗമായിരുന്നു ജപ്പാന്റെ ആക്രമണത്തിനെ തുടര്ന്ന് തകര്ന്നത്.
തുറമുഖങ്ങളിലെ ചെലവിനു വേണ്ട പണവും നാവികരുടെ ശമ്പളവുമെല്ലാം ഈ കപ്പലില് സൂക്ഷിച്ചതായാണ് വിവരങ്ങള്. സുഷിമ യുദ്ധത്തിൽ തകർക്കപ്പെട്ട റഷ്യൻ കപ്പലുകളിലെ സ്വർണവും സമ്പാദ്യവുമെല്ലാം ദിമിത്രി ഡോൺസ്കോയിയിലേക്കു മാറ്റിയിരുന്നെന്നാണു കരുതുന്നത്. 203എംഎം പീരങ്കികൾ, 152 എംഎം തോക്കുകൾ, ഏതാനും മെഷീൻ ഗണ്ണുകൾ, നങ്കൂരങ്ങൾ, കപ്പലിന്റെ ചിമ്മിനി, മൂന്നു പായ്മരം, മരത്തട്ടുകൾ, സ്വർണ പടച്ചട്ട എന്നിവയെല്ലാം കപ്പലില് നിന്ന് കണ്ടെത്തിയെന്ന് വിശദമാക്കിയ ഷിനില് ഗ്രൂപ്പ് നിധിയെക്കുറിച്ച് മാത്രം ഇത് വരെ വിവരങ്ങളൊന്നും നല്കിയിട്ടില്ല. എന്നാല് കപ്പലില് നിന്ന് ഒട്ടേറെ ഇരുമ്പ് പെട്ടികള് കണ്ടെത്തിയെന്ന് ഷിനില് ഗ്രൂപ്പ് വിശദമാക്കി.
സൗത്ത് കൊറിയൻ തീരത്തു നിന്നു മാറി സ്ഥിതി ചെയ്യുന്ന യുല്ല്യുൻഗ്ഡോ ദ്വീപിനോടു ചേർന്നാണു രണ്ടു മുങ്ങിക്കപ്പലുകളിലെത്തിയ സംഘം ദിമിത്രി ഡോൺസ്കോയിയെ കണ്ടെത്തിയത്. എന്നാല് കപ്പലിലെ നിധി ശേഖരത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തള്ളിക്കളയുന്നുണ്ട് ചില ചരിത്ര ഗവേഷകര്. യുദ്ധ കാലത്ത് കപ്പലിനെക്കാളും റഷ്യ ആശ്രയിക്കുക റയില് ഗതാഗതമായിരിക്കാനാണ് സാധ്യതയാണെന്നാണ് ചരിത്ര ഗവേഷകര് വിശദമാക്കുന്നത്. ഇംഗ്ലണ്ടിലെയും കാനഡയിലെയും വിദഗ്ധര് ദിമിത്രി ഡോൺസ്കോയ്ക്ക് വേണ്ടിയുള്ള പര്യവേക്ഷണത്തിന്റെ ഭാഗമായിരുന്നു.
