തെഹ്‌രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാക് പ്രസിഡന്റ് മഹ്മൂന്‍ ഹുസൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാക്കിസ്ഥാന്റെ 22–ാം പ്രധാനമന്ത്രിയാണ് പാക് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ ഇമ്രാന്‍.
ഇസ്ലാമാബാദ്∙ തെഹ്‌രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാക് പ്രസിഡന്റ് മഹ്മൂന്‍ ഹുസൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാക്കിസ്ഥാന്റെ 22–ാം പ്രധാനമന്ത്രിയാണ് പാക് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ ഇമ്രാന്‍. ഇസ്‌ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇടക്കാല പ്രധാനമന്ത്രി നസീറുല്‍ മുള്‍ക്, ദേശീയ അസംബ്ലി സ്‌പീക്കര്‍ ആസാദ് ഖൈസര്‍, കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്‌വ, വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ ഖാന്‍, നാവികസേനാ മേധാവി സഫര്‍ മഹ്മൂദ് അബ്ബാസി, മുന്‍ ക്രിക്കറ്റ് താരങ്ങളായ റമീസ് രാജ, വസിം അക്രം തുടങ്ങിയവര്‍ ഇന്ത്യയില്‍നിന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ധുവും ചടങ്ങില്‍ പങ്കെടുത്തു.
രാഷ്‌ട്രീയക്കാരനെന്ന നിലയിലല്ല മറിച്ച്, ഇമ്രാന്റെ സുഹൃത്തെന്ന നിലയിലാണ് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനെത്തിയതെന്ന് സിദ്ധു വ്യക്തമാക്കി.കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചതോടെ ഇമ്രാന്‍ ഖാനെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി പാര്‍ലമെന്റ് അംഗങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. മുഖ്യ പ്രതിപക്ഷമായ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്– നവാസ് (പിഎംഎല്‍– എന്‍) നേടിയ 96 വോട്ടുകള്‍ക്കെതിരെ 176 വോട്ടുകളാണ് ഇമ്രാന്‍ നേടിയതെന്ന് നാഷനല്‍ അസംബ്‍ളി സ്‌പീക്കര്‍ ആസാദ് ഖൈസര്‍ അറിയിച്ചു. 172 വോട്ടാണു കേവലഭൂരിപക്ഷത്തിനു വേണ്ടത്. മൂന്നാമത്തെ വലിയ കക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
ജൂലൈ 25നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. അന്നുമുതല്‍ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ പിടിഐ ശ്രമിച്ചുവരികയായിരുന്നു. പിടിഐയുടെ ഉരുക്കുകോട്ടയായ ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ അവര്‍ നേരത്തെ തന്നെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
