'ആരെങ്കിലും വന്ന് എന്റെ പാര്‍ട്ടിയെ ഫാസിസ്റ്റ് പാര്‍ട്ടി എന്ന് വിളിക്കുക, ഞാനത് കേട്ട് മിണ്ടാതെ വായ പൊത്തി നടന്നുപോകണമെന്നാണോ പറയുന്നത്?, നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടി ഒരിക്കലും ഫാസിസ്റ്റ് എന്ന വാക്ക് ഉച്ചരിക്കില്ല'
ചെന്നൈ: വിമാനത്തില്‍ വച്ച് തന്റെ പിറകിലിരുന്ന് ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥിനിക്കെതിരെ വീണ്ടും തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍. മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാര്‍ത്ഥി ലോയിസ് സോഫിയയോട് വിമാനത്താവളത്തിലിറങ്ങിയ ശേഷം പരുഷമായി പെരുമാറിയ തമിളിസൈ അതിന് ശേഷം വിദ്യാര്‍ത്ഥി അറസ്റ്റിലായ സംഭവത്തെ ന്യായീകരിക്കുകയാണ്.
'ആ സംഭവത്തില്‍ ഞാനെന്തിന് പശ്ചാത്തപിക്കണം' എന്നാണ് തമിളിസൈ ചോദിക്കുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥി വെറുമൊരു സാധാരണ യാത്രക്കാരി അല്ലെന്നും അവര്‍ക്ക് പിന്നില്‍ ഏതോ തീവ്രവാദ സംഘടനയുണ്ടെന്നും തമിളിസൈ ആരോപിച്ചു.
തൂത്തുക്കുടി വിമാനത്താവളത്തിലാണ് വിവാദസംഭവം നടന്നത്. കാനഡയിലെ മോണ്ട്രിയല്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ലോയിസ് ചെന്നൈയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് പോകവേയാണ് ബിജെപി അധ്യക്ഷന്‍ തമിളിസൈ കേള്‍ക്കേ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. 'ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെ' എന്ന മുദ്രാവാക്യമായിരുന്നു വിളിച്ചത്.
മുദ്രാവാക്യം വിളിക്കുന്നതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ അത് തന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് ലോയിസ് പറഞ്ഞുവെന്നാണ് തമിളിസൈ ആരോപിക്കുന്നത്. തുടര്‍ന്ന് വിമാനത്താവളത്തിലിറങ്ങിയ തമിളിസൈ ലോയിസിനോട് പെട്ടിത്തെറിക്കുകയായിരുന്നു. തന്നോട് ഇത്തരത്തില്‍ ആക്രോശിക്കാന്‍ അവര്‍ക്കാരാണ് അധികാരം കൊടുത്തതെന്നും ഇതൊരു പൊതുവേദിയല്ലെന്നുമായിരുന്നു തമിളിസൈ പറഞ്ഞത്.
'ആരെങ്കിലും വന്ന് എന്റെ പാര്‍ട്ടിയെ ഫാസിസ്റ്റ് പാര്‍ട്ടി എന്ന് വിളിക്കുക, ഞാനത് കേട്ട് മിണ്ടാതെ വായ പൊത്തി നടന്നുപോകണമെന്നാണോ പറയുന്നത്?, നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടി ഒരിക്കലും ഫാസിസ്റ്റ് എന്ന വാക്ക് ഉച്ചരിക്കില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മുദ്രാവാക്യം വിളിച്ചതാകാനാണ് സാധ്യത.'- തമിളിസൈ ആരോപിച്ചു.
അതേസമയം അറസ്റ്റിലായ ലോയിസിന് ജാമ്യം ലഭിച്ചു. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ പ്രതിഷേധവുമായി സ്റ്റാലിനടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
