ദില്ലി: മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല തിഹാര്‍ ജയിലിലാണെങ്കിലും ഇപ്പോള്‍ സന്തോഷത്തിലാണ്. പഠിക്കുന്ന കാലത്തോ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയപ്പോഴോ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പോലുമോ നേടാനാവാതെ പോയത് ജയില്‍ കിടക്കുമ്പോള്‍ നേടിയതിന്റെ ആഹ്ലാദമാണ് അദ്ദേഹത്തിന്. എ ഗ്രേഡ് നേടി സെക്കന്‍ഡറി പരീക്ഷ പാസായിരിക്കുന്നു എന്നതാണ് ഓം പ്രകാശ് ചൗട്ടാലയെ സംബന്ധിച്ച് ജയിലില്‍നിന്നുള്ള സന്തോഷവാര്‍ത്ത. അതും 72-ാം വയസില്‍!.

തീര്‍ന്നില്ല, ബിരുദപഠനത്തിനും തയാറെടുക്കുകയാണ് ഈ വെറ്ററന്‍ നേതാവ്. നിലവില്‍ അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ തിഹാര്‍ ജയിലില്‍ പത്തുവര്‍ഷത്തെ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് ഈ നേട്ടം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓപ്പണ്‍ സ്കൂളിംഗിന്റെ തിഹാര്‍ ജയിലിലും സെന്റര്‍ ഉണ്ട്. ഇത് വഴിയാണ് പരീക്ഷ പാസ്സായത്.

പിതാവിന്റെ ഹയര്‍ സെക്കന്‍ഡറി വിജയത്തിലുള്ള സന്തോഷം ഇളയ മകനും ഹരിയാന പ്രതിപക്ഷ നേതാവുമായ അഭയ് സിംഗ് ചൗട്ടാലയും മറച്ചുവച്ചില്ല. അവസാനത്തെ പരീക്ഷ ഏപ്രില്‍ 23നായിരുന്നു. ആ സമയത്ത് ഓംപ്രകാശ് ചൗട്ടാല പരോളില്‍ ജയിലിനു പുറത്തിറങ്ങിയിരുന്നു. എന്നാല്‍, പരീക്ഷയുടെ സെന്‍റര്‍ ജയിലില്‍ ആയിരുന്നതിനാല്‍ അന്ന് അദ്ദേഹം ജയിലിലേക്കു മടങ്ങി.

രണ്ടായിരത്തില്‍ ഹരിയാനയില്‍ 3206 ടീച്ചര്‍മാരുടെ നിയമനം നടന്നതുമായി ബന്ധപ്പെട്ടാണ് ഓംപ്രകാശ് ചൗട്ടാല, മകന്‍ അജയ് ചൗട്ടാല എന്നിവരടക്കം 53 പേര്‍ പ്രതികളായത്. 2013 വിചാരണക്കോടതി ഇവര്‍ക്കു ശിക്ഷ വിധിച്ചു. പിന്നീടു സുപ്രീംകോടതി അതു ശരിവച്ചു.