അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ബിജെപിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന കാഴ്ചയാണ് ഇന്ന് പാര്‍ലമെന്‍റില്‍ കണ്ടത്. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സിപിഎം സഖ്യത്തില്‍ അസ്വസ്ഥരായ തൃണമൂല്‍ ഇടപാടില്‍ പരാമര്‍ശിക്കുന്ന ഗാന്ധി ആരെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു
ചോദ്യത്തരവേളയിലും ഇക്കാര്യം ഉന്നയിച്ച് ബഹളം വച്ച തൃണമൂലിന്‍റെ സുകേന്ദു റോയിയെ ഒരു ദിവസത്തേക്ക് അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭയില്‍ നിന്ന് ഇറക്കി വിട്ടു. തൃണമൂല്‍ നീക്കം പ്രതിരോധിക്കാന്‍ ഗുജറാത്തില്‍ അദാനിഗ്രൂപ്പ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വഴിവിട്ട സഹായം നല്കിയെന്ന സിഎജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടുത്തളത്തില്‍ ഇറങ്ങിയതോടെ രാജ്യസഭ സ്തംഭിച്ചു.
ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് ആരോപിച്ച ഗുലാംനബി ആസാദിനെതിരെ ബിജെപി അംഗം ഭുപീന്ദര്‍ യാദവ് അവകാശലംഘന പ്രമേയത്തിന് നോട്ടീസ് നല്കി. ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗിയെ സിബിഐ ചോദ്യം ചെയ്തു.
ഹെലികോപ്റ്റര്‍ അഴിമതിയില്‍ സോണിയാഗാന്ധി, മന്‍മോഹന്‍സിംഗ് തുടങ്ങിയവര്‍ക്കെതിരെ കേസ് എടുക്കണമെന്ന ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഹണിക്കും.
