മുംബൈ: ജനക്കൂട്ടം നോക്കിനില്‍ക്കെ നടുറോഡില്‍ ബൈക്ക് യാത്രികന്‍ കത്തിയെരിഞ്ഞു. നിരവധി യാത്രക്കാരും വാഹനങ്ങള്‍ ഈ സമയം ഇതുവഴി കടന്നുപോയെങ്കിലും ഒരാള്‍പോലും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ എത്തിയില്ല. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ദേശീയപാതയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട് ബൈക്കുകള്‍ പരസ്പരം കൂട്ടിമുട്ടി തീ പിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു.
അപകടത്തില്‍പ്പെട്ടയാള്‍ കത്തിയെരിയുമ്പോഴും സഹായത്തിനായി ഒരുകൈ നീട്ടാതെ അത് മൊബൈല്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവരെയും വീഡിയോയില്‍ കാണാം. ഇത്തരത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആരോ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
ബീഡ് ജില്ലയിലെ ദേശീയപാതയില്‍ ഇന്നലെ വൈകിട്ടാണ് രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് ഒരു ബൈക്കിന് തീപിടിച്ചു. ഈ ബൈക്കിനടിയില്‍ കുടുങ്ങിപ്പോയ യാത്രികന് രക്ഷപെടാനായില്ല. ബൈക്കിനൊപ്പം അയാളും തീയില്‍പ്പെട്ട് കത്തിയമര്‍ന്നു. അപകടത്തില്‍പ്പെട്ട ഇയാള്‍ സഹായമഭ്യര്‍ഥിക്കുകയോ നിലവിളിക്കുകയോ ചെയ്തില്ലെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ ഇയാളുടെ ബോധം നശിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. തീപിടിച്ച ബൈക്കില്‍ മദ്യം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. അതാണ് പെട്ടെന്ന് തീപിടിക്കാന്‍ കാരണമെന്നാണ് പോലീസ് നിഗമനം. തീപിടിച്ച് മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റടക്കം അപകടത്തില്‍ കത്തിയെരിഞ്ഞു.
