യാത്രിനിവാസാണ് കുടിശിഖയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. അഞ്ചരലക്ഷം രൂപയാണ് ഇവരുടെ കുടിശിഖ. 

മൂന്നാര്‍: ഇടുക്കി ജില്ല, ദേവികുളം പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നികുതി കുടിശിക ഇരുപത് ലക്ഷത്തിലധികം. നികുതിയടയ്ക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ യാത്രിനിവാസ് കുടിശിഖയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ലക്ഷങ്ങളുടെ നികുതി കുടിശിഖ പിരിച്ചെടുക്കുന്നതിന് കര്‍ശന നടപടിയുമായി ദേവികുളം പഞ്ചായത്ത് നീക്കം തുടങ്ങി. നോട്ടീസച്ചിട്ടും കുടിശിഖയടയ്ക്കാന്‍ തയ്യാറാകാത്ത ഓഫീസുകള്‍ക്കെതിരേ ആര്‍.ആര്‍ അടക്കമുള്ള നടപടിക്കൊരുങ്ങുകയാണ് പഞ്ചായത്ത് അധികൃതര്‍. 

ദേവികുളം ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് കെട്ടിടനികുതി അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയിരിക്കുന്നത്. 2013 മുതല്‍ 2017 വരെയുള്ള നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പലവട്ടം നോട്ടീസ് നല്‍കിയിട്ടും നടപടിയില്ല. യാത്രിനിവാസാണ് കുടിശിഖയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. അഞ്ചരലക്ഷം രൂപയാണ് ഇവരുടെ കുടിശിഖ. 

ദേവികുലം ആര്‍ഡിഒ ഓഫീസ് 1,10,000 രൂപ, തഹസീല്‍ദാര്‍ ഓഫീസ് 80,000 രൂപ, സര്‍വ്വേ ഓഫീസ് 37,000 രൂപ, ഫോറസ്റ്റ് 35,000 രൂപ, പോലീസ് 55,000 രൂപ, ജയില്‍ 32,000 രൂപ, എന്നിങ്ങനെ നീളുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നികുതി കുടിശിഖ. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുടക്കമില്ലാതെ നികുതി അടയ്ക്കുന്നത് ദേവികുളം കോടതിയും, സബ് രജിസ്ട്രാര്‍ ഓഫീസും മാത്രമാണ്. 

ബാക്കിയുള്ള പന്ത്രണ്ടോളം വരുന്ന ഓഫീസുകളുടെ വന്‍തുക നികുതി കുടിശിഖ പിരിയാനുണ്ട്. നിലവില്‍ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും കുടിശിഖ തീര്‍ക്കുന്നതിന് തയ്യാറാകാത്ത ഓഫീസുകള്‍ നിയമ നടപടി നേരിടേണ്ടിവരും. മൂന്നാറിന്റെ വികസന പ്രവര്‍ത്തനം നടപ്പിലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നെട്ടോട്ടമോടുമ്പോഴാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പണമടക്കാന്‍ തയ്യറാകാത്തത്. പാവപ്പെട്ടവന്റെ നികുതി ഒരു ദിവസം കൊണ്ട് പിരിച്ചെടുക്കുന്ന പഞ്ചായത്ത്, സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യത്തില്‍ അലംഭാവം കാട്ടുകയാണ്.