Asianet News MalayalamAsianet News Malayalam

ശശികല കുടുംബത്തിനെതിരായ ആദായനികുതിവകുപ്പ് റെയ്ഡ് ഇന്നും തുടര്‍ന്നേക്കും

income tax raid against V K  Sasikala family
Author
First Published Nov 10, 2017, 7:35 AM IST

ചെന്നൈ: ശശികല കുടുംബത്തിനെതിരായി ആദായനികുതിവകുപ്പ് നടത്തുന്ന രാജ്യവ്യാപകറെയ്ഡുകള്‍ കൊടനാട് എസ്റ്റേറ്റിലുള്‍പ്പടെ ഇന്നും തുടര്‍ന്നേയ്ക്കും. പലയിടങ്ങളിലും ഇന്നലെ അര്‍ദ്ധരാത്രി വരെ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ റെയ്ഡുകള്‍ തുടര്‍ന്നു. അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന ഇന്നും റെയിഡ് തുടര്‍ന്നേക്കുമെന്നാണ് വിവരം.

ശ്രീനി വെഡ്‌സ് മഹി - ഈ സ്റ്റിക്കര്‍ പതിച്ച ഇരുന്നൂറോളം വാഹനങ്ങളാണ് ഇന്നലെ കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേയ്‌ക്കെത്തിയത്. ഇരുന്നൂറോളം ഫാസ്റ്റ് ട്രാക്ക് ടാക്‌സികള്‍ ഒന്നിച്ച് അതിര്‍ത്തി കടക്കുമ്പോള്‍ ആര്‍ക്കും സംശയം തോന്നാതിരിയ്ക്കാന്‍ വിവാഹ സ്റ്റിക്കര്‍ പതിച്ചായിരുന്നു ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ സഞ്ചരിച്ചത്. 

ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ 1800 ഉദ്യോഗസ്ഥര്‍, 187 ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തിയപ്പോള്‍ അറുപതോളം ഷെല്‍ കമ്പനികള്‍ കണ്ടെത്തിയതായാണ് സൂചന. നോട്ട് നിരോധനത്തിന് ശേഷം വിദേശത്തേയ്ക്ക് ഇല്ലാക്കമ്പനികള്‍ വഴി പണം കടത്തി നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ശശികല കുടുംബത്തിന്റെ മൂന്ന് കമ്പനികളുള്‍പ്പടെ പത്ത് വ്യവസായഗ്രൂപ്പുകളിലാണ് പരിശോധന നടന്നത്. 

കൊടനാട് എസ്റ്റേറ്റുള്‍പ്പടെ ചിലയിടങ്ങള്‍ പൂട്ടി സീല്‍ ചെയ്തിരിയ്ക്കുകയാണ്. ഇവിടെ റെയ്ഡുകള്‍ തുടരുമെന്നാണ് സൂചന. എന്നാല്‍ തങ്ങള്‍ക്കെതിരെ മാത്രം എന്ത് അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നതെന്ന് ചോദിച്ച് ഇതിനെ രാഷ്ട്രീയമായി പ്രതിരോധിയ്ക്കാന്‍ തന്നെയാണ് ശശികല പക്ഷത്തിന്റെ തീരുമാനം. രാജ്യവ്യാപകമായി വന്‍ റെയ്ഡ് നടക്കുമ്പോള്‍ അക്ഷോഭ്യനായി കാണപ്പെട്ട ടിടിവി ദിനകരന്‍ വീട്ടില്‍ ഗോപൂജ നടത്തുകയായിരുന്നു. തുടര്‍ന്ന് പുറത്തെത്തി മാധ്യമങ്ങളെക്കണ്ടപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ദിനകരന്‍ ഉയര്‍ത്തിയത്.

Follow Us:
Download App:
  • android
  • ios