ബംഗലൂരു: തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഇരുപത്തിയൊമ്പത് കോടി ഏഴുപത് ലക്ഷം രൂപയുടെ പുതിയ നോട്ടുകളും 90 ലക്ഷം രൂപയുടെ പഴയ നോട്ടുകളും പിടികൂടി. ഇരു സംസ്ഥാനങ്ങളില്‍ നിന്നുമായി എഴുപത്തിരണ്ട് കിലോ സ്വര്‍ണവും പിടിച്ചെടുത്തു.  തമിഴ്നാടിലെ വെല്ലൂരില്‍ നടത്തിയ റെയ്ഡിലാണ് ആദായ നികുതി വകുപ്പ് അനധികൃതമായി സൂക്ഷിച്ചിരുന്ന ഇരുപത്തിനാല് കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടിയത്. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകള്‍ വാനിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ശേഖര്‍ റെഡ്ഡി, ശ്രീനിവാസലു, പ്രേം എന്നിവരുടേതാണ് ഈ പണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇതുള്‍പ്പെടെ 164 കോടി രൂപയാണ് സംസ്ഥാനത്ത് നിന്നും ഇതുവരെ പരിശോധനകളില്‍ പിടികൂടിയത്. ഇതിനിടെ നുങ്കമ്പാക്കത്ത് നിന്നും നാല്‍പത് കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പരിശോധനയില്‍ അനധികൃതമായി പണം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ ശേഖര്‍ റെഡ്ഡിയെ തിരുപ്പതി തിരുമല ദേവസ്ഥാന ബോര്‍ഡില്‍ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.

അതേസമയം, കര്‍ണാടകത്തിലെ ഹുബ്ബള്ളിയിലും ചിത്രദുര്‍ഗയിലും നടന്ന റെയ്ഡില്‍ ആദായ നികുതി വകുപ്പ് അഞ്ച് കോടി എഴുപത് ലക്ഷം രൂപയുടെ പുതിയ നോട്ടുകളും 90 ലക്ഷം രൂപയുടെ പഴയ നോട്ടുകളും പിടികൂടി. ഇരുപത്തിയെട്ട് കിലോ സ്വര്‍ണകട്ടിയും നാല് കിലോ സ്വര്‍ണാഭരണങ്ങളും പിടികൂടിയിട്ടുണ്ട്.. കാസിനോ നടത്തിപ്പുകാരനായ വീരേന്ദ്ര എന്നയാളുടെ കുളിമുറിക്കുള്ളിലെ രഹസ്യ അറയില്‍ നിന്നാണ് പണം പിടികൂടിയത്. ഇതിനിടെ കര്‍ണാടകത്തിലെ ഹാസനില്‍ റോഡരികില്‍ മൂന്ന് ലക്ഷത്തോളം രൂപയുടെ പഴയ നോട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി.