സിവിൽ പൊലീസുകാർ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സര്‍വേയ്ക്കായി ചോദ്യവലി നല്‍കുന്നത് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ചോദ്യാവലി നൽകി അപ്പോള്‍ തന്നെ പൂരിപ്പിച്ചു വാങ്ങുകയാണ്

തിരുവനന്തപുരം: പൊലീസുകാരുടെ ആത്മഹത്യയും മാനസിക സംഘര്‍ഷവും വര്‍ധിക്കുന്നതിന്‍റെ കാരണം തേടി ഇന്‍റലി‍ജൻസിന്റെ സര്‍വേ. സിവിൽ പൊലീസുകാർ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സര്‍വേയ്ക്കായി ചോദ്യവലി നല്‍കുന്നത്. ആത്മഹത്യകള്‍ കൂടുന്നതും, പൊലീസുകാരുടെ മര്യാദയില്ലാത്ത പെരുമാറ്റം സേനയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് സര്‍വേ. 50 ചോദ്യങ്ങളാണ് നൽകുന്നത്.

തൊഴിൽ സംസ്കാരം, മാനസിക പിരിമുറുക്കം, ജോലിയിലെ തൃപ്തി തുടങ്ങിയവയെക്കുറിച്ചാണ് ചോദ്യങ്ങള്‍. തൊഴിലിടത്ത് സൗകര്യങ്ങളുണ്ടോ, മേലുദ്യോഗസ്ഥരുടെ ഇടപെടൽ, യഥാസമയം സ്ഥാനകയറ്റം ലഭിക്കുന്നുണ്ടോ, ലഭിക്കുന്ന അനുമോദനങ്ങള്‍- അവാ‍ർഡുകള്‍ തൃപ്തികരമോ, തൊഴിലിടത്തെ പ്രശ്നങ്ങള്‍, ജോലി സമ്മർദ്ദം കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടോ, ജോലി സ്ഥലവും വീടും തമ്മിലുള്ള ദൂരം, ഉപയോഗിക്കുന്ന വാഹനം, വിനോദം തുടങ്ങിയവയിലെ പ്രതികരണമാണ് തേടുന്നത്. 

ദുശീലങ്ങളുണ്ടെങ്കിൽ അതും പറയണം. തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലും യൂണിറ്റുകളിലും ചോദ്യാവലി നൽകി അപ്പോള്‍ തന്നെ പൂരിപ്പിച്ചു വാങ്ങുകയാണ്. എന്നാൽ വ്യക്തിയെ തിരിച്ചറിയാനുള്ളതൊന്നും അടയാളപ്പെടുത്തേണ്ട. വിദഗ്ദരുമായുള്ള ചർച്ചക്കുശേഷമാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ജില്ലകളിലെയും റിപ്പോർട്ടുകള്‍ പരിശോധിച്ച് ഇൻറലിൻസ് മേധാവി ടി.കെ.വിനോദ് കുമാദ് വിശദമായ റിപ്പോർട്ട് സർക്കാരിന് സമ‍ർപ്പിക്കും.