ദില്ലി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം.പാക്കിസ്ഥാന്റെ ദേശീയ നയമായി തീവ്രവാദം മാറുകയാണെന്ന് ഇന്ത്യ തുറന്നടിച്ചു.യുഎന്‍ നല്‍കുന്ന പരിരക്ഷകള്‍ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ ചൂണ്ടികാട്ടി.അതിനിടെ, കശ്മീര്‍ സാഹചര്യം വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ഉന്നത യോഗം വിളിച്ചു.

ഭീകരവാദം സംബന്ധിച്ച് പാക്കിസ്ഥാനെ തുറന്ന് കാട്ടുന്ന നിലപാടാണ് ഇന്ത്യ ഐക്യ രാഷ്ട്ര സഭയില്‍ കൈകൊണ്ടത്.മനുഷ്യാവകാശം സംബന്ധിച്ച നടന്ന പ്രത്യേക സംവാദത്തില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യദ് അക്ബറുദ്ദീനാണ് പാക്കിസ്ഥാന്റെ തീവ്രവാദ അനുകൂല നിലപാടുകള്‍ ഉന്നയിച്ചത്.മനുഷ്യാവകാശത്തിന്റെ പേരില്‍ പാക്കിസ്ഥാന്റെ നിലപാടുകള്‍ വ്യാജമാണെന്നും,ഐക്യരാഷ്ട്ര സഭയുടെ തീവ്രവാദികളുടെ പട്ടികയില്‍ ഇടം നേടിയവര്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കുകയാണെന്നും ഇന്ത്യ ആരോപിച്ചു.

അയല്‍ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ തീവ്രവാദ സംഘടനകളെ ഉപയോഗിച്ച വഷളാക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ തീവ്രവാദം ദേശീയ നയമാക്കി മാറ്റുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്ത് വന്ന പാക്കിസ്ഥാനുള്ള ഇന്ത്യയുടെ തക്ക മറുപടിയാണ് സയ്യദ് അക്ബറുദ്ദീന്‍ അവതരിപ്പിച്ച പ്രസംഗം

.അതെ സമയം കശ്മീരിലെ സ്ഥിതിഗതി വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ഇന്നും ഉന്നതതല യോഗം വിളിച്ചു.കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരണസംഖ്യ 37ആയി.പ്രതിഷേധത്തിനിടെ കണ്ണിന് പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ ഒരും സംഘം ഡോക്ടര്‍മാരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് അയച്ചു.