മല്യയെ ഉടന്‍ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കത്തുനല്‍കിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ രാജ്യത്ത് എത്തിച്ചുതന്നെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ത്യയുടെ നീക്കം. ഇതിന് മുന്നോടിയായി വിജയ് മല്ല്യയെ തിരികെയെത്തിക്കാന്‍ കടുത്ത നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു. തട്ടിപ്പ് കേസില്‍ മുംബൈയിലെ പ്രത്യേക കോടതി മല്ല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും മല്ല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടിയാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 1979ല്‍ ഉണ്ടാക്കിയ ചട്ടങ്ങള്‍ പ്രകാരം പാസ്‌പോര്‍ട്ട് റദ്ദാക്കിയത്കൊണ്ടുമാത്രം ഒരാളെ നാടുകടത്താനാവില്ലെന്നാണ് ബ്രിട്ടന്റെ വാദം. അതേസമയം മല്ല്യക്കെതിരായ ആരോപണത്തിന്റെ ഗൌരവം തങ്ങള്‍ മനസിലാക്കുന്നുവെന്നും പരസ്‌പരമുള്ള നിയമസഹകരണത്തിലൂടെ വിജയ് മല്ല്യയെ ഇന്ത്യയിലെത്തിക്കാനുള്ള എല്ലാ സഹായവും നല്‍കാമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.