റഷ്യയിലേക്ക് ഫുട്‌ബോള്‍ കാണാന്‍ പോയവരുടെ രാജ്യങ്ങളുടെ കാണികളുടെ കണക്കെടുത്താല്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയുണ്ട്.

മോസ്‌കോ: ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് പോസിറ്റീവായി സംഭവിക്കുന്ന ഒരു ഘടകമുണ്ട്. റഷ്യയിലേക്ക് ഫുട്‌ബോള്‍ കാണാന്‍ പോയവരുടെ രാജ്യങ്ങളുടെ കാണികളുടെ കണക്കെടുത്താല്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയുണ്ട്. ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് വില്‍പ്പന ഏജന്‍സിയായ കട്ടിങ് എഡ്ജ് ഇവന്റ്‌സാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഏറ്റവും കൂടുതല്‍ ലോകകപ്പ് ടിക്കറ്റുകള്‍ വാങ്ങിയവരുടെ കാര്യത്തില്‍ ഇന്ത്യ ആദ്യ പത്തിലുണ്ട്. അമേരിക്കയാണ് ഒന്നാമത്. 16, 642 ടിക്കറ്റുകളാണ് അമേരിക്കകാര്‍ സ്വന്തമാക്കിയത്. അര്‍ജന്റീന, കൊളംബിയ, മെക്‌സികോ, ബ്രസീല്‍, പെറു, ജര്‍മനി, ചൈന, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിങ്ങനെ നീളുന്നു പട്ടിക. ഇന്ത്യയില്‍ നിന്ന് 4509 പേരാണ് റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. 3000 ഡോളര്‍ മുതല്‍ 30,000 ഡോളര്‍ വരെ ടിക്കറ്റിന് വേണ്ടി ഇന്ത്യക്കാര്‍ ചെലവിടുന്നു.

ലോകകപ്പ് കാലയളവില്‍ റഷ്യയിലെത്തുന്നവര്‍ക്ക് വിസ വേണ്ടെന്ന് റഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഫാന്‍ ഐഡി മാത്രമാണ് അധികൃതര്‍ പരിശോധിക്കുന്നത്. ഫാന്‍ ഐഡിയുമായി മത്സരങ്ങള്‍ തുടങ്ങുന്നതിന്റെ പത്ത് ദിവസം മുന്‍പ് റഷ്യയിലെത്താം. ഫൈനല്‍ കഴിഞ്ഞ് പത്ത് ദിവസം റഷ്യയില്‍ നില്‍ക്കുകയും ചെയ്യാം.