എന്തു കാരണത്തിന്റെ പേരിലായാലും ഭീകരവാദം അംഗീകരിക്കാനാവില്ലെന്നും സൈബര്‍ ആക്രമണം ഉള്‍പ്പടെയുള്ള ഭീകരതയ്‌ക്കെതിരെ കൂടുതല്‍ യോജിച്ച നടപടി ഉണ്ടാകുമെന്നും ഇന്ത്യയും ഇസ്രയേലും സംയുക്ത പ്രസ്താവന വ്യക്തമാക്കി. ഇന്ത്യാ ഇസ്രയേല്‍ ബന്ധം തന്ത്രപ്രധാന തലത്തിലേക്ക് ഉയര്‍ത്താന്‍ നരേന്ദ്ര മോദിയും ബഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് നീതിപൂര്‍വ്വമായി പരിഹരം വേണം എന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.
രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന നരേന്ദ്ര മോദി–ബഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ചയ്‌ക്കു ശേഷം ജലസംരക്ഷണം, കൃഷി, ബഹിരാകാശ മേഖലകളിലെ സഹകരണത്തിന് ഏഴു കരാറുകളിലാണ് ഇന്ത്യയും ഇസ്രയേലും ഒപ്പു വച്ചത്. സായുധ ഡ്രോണുകള്‍ നല്കാനുള്ള താല്പര്യം ഇസ്രയേല്‍ ആവര്‍ത്തിച്ചെങ്കിലും കരാര്‍ ഒപ്പുവച്ചില്ല. ഇതുവരെ ഉണ്ടായിരുന്ന സാധാരണ ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന തലത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. സ്വര്‍ഗ്ഗത്തില്‍ തീരുമാനിച്ച വിവാഹം എന്നാണ് ഈ ബന്ധത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഭീകരവാദത്തിന് ഒരു കാരണവും സ്വീകാര്യമല്ലെന്ന് പലസ്തീന്‍ സംഘടനകളെക്കൂടി ലക്ഷ്യമാക്കി പറയുന്ന പ്രസ്താവന പാകിസ്ഥാനെ പരാമര്‍ശിക്കാതെ ഭീകരര്‍ക്ക് താവളം ഒരുക്കുന്നവരെ ഒറ്റപ്പെടുത്തണം എന്ന് നിര്‍ദ്ദേശിക്കുന്നു.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ത്തിന് നീതിപൂര്‍വ്വവും ശാശ്വതവുമായ പരിഹാര വേണം എന്നാണ് സംയുക്ത പ്രസ്താവന നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം ബഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ബേബി മോഷെ എന്നറിയപ്പെട്ട ഇസ്രയേലി ബാലനെ നരേന്ദ്ര മോദി കണ്ടു. രണ്ടാം വയസ്സില്‍ അച്ഛനെയും അമ്മയേയും ഭീകരാക്രമണത്തില്‍ നഷ്‌ടപ്പെട്ട മോഷെയ്‌ക്ക ഇപ്പോള്‍ 11 വയസുണ്ട്. മട്ടേഞ്ചേരി ജൂതപള്ളിയിലെ തിരുശേഷിപ്പിന്റെ മാതൃകയാണ് മോദി നെതന്യാഹുവിന് സമ്മാനിച്ചത്.
