ദില്ലി: 2018ൽ ഒരുകോടി പത്തുലക്ഷം പേർക്ക് രാജ്യത്ത് ജോലി നഷ്ടമായെന്ന് റിപ്പോർട്ട്. സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സി എം ഐ ഇ)യുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ജോലി നഷ്ടമായതിൽ ഭൂരിഭാ​ഗം പേരും ​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റിപ്പോർട്ടനുസരിച്ച് കൂലിപ്പണിക്കാർ, കാർഷിക തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നീ വിഭാ​ഗക്കാർക്കാണ് ഏറ്റവും കൂടുതൽ ജോലി നഷ്ടമായിരിക്കുന്നത്. 40.8 കോടിയായിരുന്നു 2017 ഡിസംബറിൽ രാജ്യത്ത് തൊഴിലുണ്ടായിരുന്നവരുടെ എണ്ണം. എന്നാൽ 2018 ഡിസംബർ ആയപ്പോഴേക്കും അത് 39.7 കോടിയായി കുറഞ്ഞു. പതിനഞ്ച് മാസത്തിനുള്ളിൽ രാജ്യത്തെ തെഴിലില്ലായ്മ നിരക്ക് 7.4 ശതമാനമായെന്നും റിപ്പോർട്ടിൽ പറയുന്നു. ​ഗ്രാമപ്രദേശങ്ങളിൽ നിന്ന് 91ലക്ഷം പേർക്കും നഗരങ്ങളിൽ നിന്ന് 18 ലക്ഷം പേർക്കും ജോലി നഷ്ടമായി. 

സി എം ഐ ഇയുടെ കണ്ടെത്തലിൽ ​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള 88 ലക്ഷം സ്ത്രീകൾക്കും 22 ലക്ഷം പുരുഷന്മാർക്കും ജോലി നഷ്ടമായിട്ടുണ്ട്. 37 ലക്ഷം രൂപ മാസശമ്പളം വാങ്ങുന്നവർക്കും ജോലി നഷ്ടമായി. അതേ സമയം 40നും 50നും ഇടക്ക് പ്രായമുള്ളവർക്ക് ജോലിയിൽ തന്നെ തുടരാനും സാധിച്ചിട്ടുണ്ടെന്ന് റിപ്പോർ‌ട്ടിൽ പറയുന്നു.