ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്‍‍ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. നിര്‍ണായകമായ അവസാന മത്സരത്തില്‍, ആതിഥേയരായ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ആണ് ഇന്ത്യ ജയിച്ചത്. ആദ്യ രണ്ട് ക്വാര്‍ട്ടറിലും ഇന്ത്യ രണ്ട് ഗോള്‍ വീതം നേടി. രണ്ട് ഗോള്‍ നേടിയ രമണ്‍ദീപ് സിംഗ് ആണ് ഇന്ത്യുയടെ ടോപ് സ്കോറര്‍.

നികിന്‍ തിമ്മയ്യ, ഹര്‍ജിത് സിംഗ്, ഡാനിഷ് മുജ്തബ, തല്‍വീന്ദര്‍ സിംഗ് എന്നിവര്‍ ഒരു ഗോള്‍ വീതവും നേടി. മലേഷ്യയുടെ ആശ്വാസ ഗോള്‍ ഷഹ്‌റില്‍ സാബായുടെ (46) സ്റ്റിക്കില്‍നിന്നായിരുന്നു. മലേഷ്യക്കെതിരായ വിജയത്തോടെ ഇന്ത്യക്ക് ആറു മല്‍സരങ്ങളില്‍നിന്ന് 12 പോയിന്റായി. 11 പോയിന്റുള്ള നിലവിലെ ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ മറികടന്നാണ് ഇന്ത്യ ഫൈനലിന് എത്തുന്നത്.

ആറാം കിരീടപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഞായറാഴ്ചയാണു ഫൈനല്‍. കഴിഞ്ഞ തവണ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.