ദോഹ: ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ലാ ബിന്‍ നാസര്‍ ബിന്‍ ഖലീഫയുടെ ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഊര്‍ജ മേഖലയിലെ പരസ്പര സഹകരണത്തിന് പുറമെ ഇന്ത്യ ഖത്തര്‍ ഉഭയ കക്ഷി ബന്ധങ്ങള്‍ക്ക് ഊര്‍ജം പകരാനും ഖത്തര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം വഴി വെക്കും.
രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ലാ ബിന്‍ നാസര്‍ ബിന്‍ ഖലീഫ ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിസ, സൈബര്‍ സ്‌പേസ്, നിക്ഷേപം ഉള്‍പെടെ അഞ്ചു സുപ്രധാന കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. സുരക്ഷ, ഊര്‍ജം, വാണിജ്യം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍, ഭീകരപ്രവര്‍ത്തകര്‍ക്കുള്ള ഫണ്ടിങ് തടയല്‍, പ്രതിരോധം, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടും. ഖത്തറിലെ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധമാണെന്ന് കൂടിക്കാഴ്ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. തുറമുഖ മേഖലയിലെ ഇന്ത്യയുടെ നിക്ഷേപത്തെയും ഖത്തര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ 2022 ലെ ലോകകപ്പ് ഫുടബോളിനു ആതിഥ്യം വഹിക്കുന്ന ഖത്തറില്‍ ഇന്ത്യ കൂടുതല്‍ മുതല്‍മുടക്കണമെന്നും ഖത്തര്‍ പ്രധാനമന്ത്രി, നരേന്ദ്രമോദിയോട് പറഞ്ഞു. ഊര്‍ജ മേഖലയില്‍ ഇപ്പോഴുള്ള കൊടുക്കല്‍ വാങ്ങലിനു പുറമെ സംയുക്ത സംരംഭം, ഗവേഷണം, പര്യവേഷണം എന്നിവയും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഇന്ത്യാ സന്ദര്‍ശനവും 2016 ജൂണില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ ഖത്തര്‍ സന്ദര്‍ശനവും കഴിഞ്ഞു ഏറെ കഴിയുന്നതിനു മുമ്പുള്ള ഖത്തര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ പരസ്പര സഹകരണത്തിന് ആക്കം കൂട്ടും.
