ദില്ലി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന നിയമഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇത്രയും കാലം അശ്ലീല സിനിമകൾ ചിത്രീകരിക്കുന്നത് മാത്രമായിരുന്നു കുറ്റമെങ്കിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും സൂക്ഷിക്കുന്നതും  പ്രദർശിപ്പിക്കുന്നതും ​ഗുരുതര കുറ്റകൃത്യമാണെന്ന് കൃത്യമായി വ്യാഖ്യാനിച്ചു കൊണ്ടാണ് പുതിയ നിയമം വരുന്നത്. 

കുട്ടികളുടെ ദൃശ്യങ്ങളുള്ള പോൺ സൈറ്റുകൾ കാണുന്നവർക്ക് അഞ്ച് വർഷം വരെ തടവു ശിക്ഷയാണ് പുതിയ നിയമം ശുപാർശ ചെയ്യുന്നത്.  കുട്ടികളുടെ അശ്ലീല ​ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിക്കും. ഫലത്തിൽ ബാലരതിയും ബാലപീഡനവും പ്രദർശിപ്പിക്കുന്ന എല്ലാ പോൺ സൈറ്റുകളും രാജ്യത്ത് ലഭ്യമല്ലാതാവും. 

2012-ലെ ബാലസംരക്ഷണനിയമത്തിൽ ഭേദ​ഗതി വരുത്തിയാവും  നിയമപരിഷ്കാരങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരിക. നിയമഭേദ​ഗതിയ്ക്ക് കേന്ദ്ര വനിതാശിശുക്ഷേമമന്ത്രി മനേകാ ​ഗാന്ധി അം​ഗീകാരം നൽകിയതായി മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളെ ലൈം​ഗീകമായി ചൂഷണം ചെയ്യുക, ന​ഗ്നദൃശ്യങ്ങൾ പകർത്തുക എന്നത് കൂടാതെ അവരെ മോശം രീതിയിൽ ചിത്രീകരിക്കുന്നത് വരെ അശ്ലീലരം​ഗങ്ങളുടെ പരിധിയിൽ ഉൾപ്പെടും എന്ന്  നിയമം വ്യാഖ്യാനം ചെയ്യുന്നുണ്ട്. 

ബലാത്സം​ഗത്തിന് വധശിക്ഷ ശുപാർശ ചെയ്തു കൊണ്ട് ഇൗ വർഷമാദ്യം കേന്ദ്രസർക്കാർ കൊണ്ടു വന്ന നിയമഭേദ​ഗതിയുടെ മാതൃകയിൽ ബാലപീഡകർക്ക് പുതിയ നിയമം വധശിക്ഷയും ജീവപര്യന്തം തടവും ശുപാർശ ചെയ്യുന്നുണ്ട്. കുട്ടികളുടെ ശാരീരിക വളർച്ച വേ​ഗത്തിലാക്കാൻ ഹോർമോൺ കുത്തിവയ്ക്കുന്നതും മരുന്നുകൾ നൽകുന്നതും നിയമം വിലക്കുന്നു. ശിശുസംരക്ഷണകേന്ദ്രങ്ങളിലെ ജീവനക്കാർ കുട്ടികളെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ അതിന് അവസരമൊരുക്കി കൊടുക്കുകയോ ചെയ്താൽ  അവർക്ക് ഇരുപത് വർഷം തടവാണ് പുതിയ നിയമം ശുപാർശ ചെയ്യുന്നത്. 

വനിതാശിശുക്ഷേമമന്ത്രാലയം കൊണ്ടു വന്ന ഭേദ​ഗതികളോട് അനുകൂല നിലപാടാണ് അഭ്യന്തര മന്ത്രാലയമടക്കം മറ്റു മന്ത്രാലയങ്ങളും സ്വീകരിച്ചിരിക്കുന്നത്. പുതുക്കിയ നിയമത്തിന്റെ കരടുബിൽ കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരത്തിനായി ഉടൻ സമർപ്പിക്കും.  ഇൗ നടപടികൾ സമയബന്ഡിതമായി പൂർത്തിയായാൽ ജൂലൈ പതിനൊന്നിന് ആരംഭിക്കുന്ന പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ തന്നെ നിയമം പാസ്സാവാനാണ് സാധ്യത. 

 2015-ൽ നൂറുകണക്കിന് പോൺ സൈറ്റുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ വലിയ രോക്ഷമാണ് സോഷ്യൽമീഡിയയിലും മറ്റും ഉണ്ടായത്. പൗരൻമാരുടെ ബെഡ്റൂമിലേക്ക് എത്തിനോക്കാൻ സർക്കാരിന് അവകാശമില്ലെന്ന സുപ്രീംകോടതി നിരീക്ഷണവും അന്ന്കേന്ദ്രസർക്കാരിന് തിരിച്ചടിയായി. എന്നാൽ കുട്ടികളുടെ അശ്ലീലരം​ഗങ്ങൾ പ്രദർശിപ്പിക്കുന്ന സൈറ്റുകൾ നിരോധിക്കണമെന്ന കാര്യത്തിൽ അഭിപ്രായഭിന്നതകളില്ല. കഴിഞ്ഞ വർഷം ഇത്തരം രം​ഗങ്ങൾ പ്രചരിപ്പിച്ച നിരവധി സൈറ്റുകൾ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.