പ്രാദേശിക റേഡിയോ സ്‌റ്റേഷനുകള്‍ ഇന്ത്യക്കെതിരായി വല്ലതും പ്രക്ഷേപണം ചെയ്താല്‍ ഉടന്‍ പ്രതിരോധിക്കാന്‍ സജ്ജമായിരിക്കും പുതിയ എഫ്.എം സ്റ്റേഷന്‍. അതിര്‍ത്തിയില്‍ മാത്രമല്ല, പാക്കിസ്ഥാനിലെ 50 കിലോമീറ്റര്‍ ദൂരത്തിലും പ്രക്ഷേപണമുണ്ടായിരിക്കും

ദില്ലി: പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ഇന്ത്യക്കെതിരായ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പുതിയ തന്ത്രവുമായി രാജ്യം. അതിര്‍ത്തിയില്‍ പുതിയ റേഡിയോ സ്‌റ്റേഷന്‍ ഒരുക്കിയാണ് പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ഇതിനായി അമൃത്സറില്‍ ട്രാന്‍സ്മിറ്ററും സ്ഥാപിച്ചുകഴിഞ്ഞു.

ആകെ 90 കിലോമീറ്റര്‍ ചുറ്റളവിലാണ് റേഡിയോയുടെ പ്രക്ഷേപണം നടക്കുക. ഇത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ മാത്രമല്ല, പാക്കിസ്ഥാനിലെ 50 കിലോമീറ്റര്‍ ദൂരത്തിലും ലഭ്യമായിരിക്കും. രാജ്യത്തെ കുറിച്ചുള്ള നല്ല വാര്‍ത്തകളും, കൂട്ടത്തില്‍ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകളെ പ്രതിരോധിക്കുന്ന പരിപാടികളുമായിരിക്കും റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുക. 

പ്രാദേശിക റേഡിയോ സ്‌റ്റേഷനുകള്‍ ഇന്ത്യക്കെതിരായി വല്ലതും പ്രക്ഷേപണം ചെയ്താല്‍ ഉടന്‍ പ്രതിരോധിക്കാന്‍ സജ്ജമായിരിക്കും പുതിയ എഫ്.എം സ്റ്റേഷന്‍. ഇതിനോടൊപ്പം സാങ്കേതികമായും ആശയപരമായും മികവ് പുലര്‍ത്തുന്ന പരിപാടികള്‍ ഉള്‍ക്കൊള്ളിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 

പാക്കിസ്ഥാനില്‍ നിലവില്‍ പ്രചാരത്തിലുള്ള റേഡിയോ പരിപാടികള്‍ക്ക് സമാനമായി ഉര്‍ദുവിലും പഞ്ചാബിയിലുമെല്ലാം പരിപാടികള്‍ ഒരുക്കാനാണ് ആള്‍ ഇന്ത്യാ റേഡിയോയുടെ തീരുമാനം. ദിവസത്തില്‍ 18 മണിക്കൂറായിരിക്കും പ്രക്ഷേപണം. രാവിലെ ആറ് മുതല്‍ രാത്രി 12 വരെയായിരിക്കും ഇതിന്റെ സമയം.