ദില്ലി: മരുന്നുകളുടെ പേറ്റന്‍റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ബൗദ്ധിക സ്വത്തവകാശ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബൗദ്ധിക സ്വത്തവകാശം കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ ആധുനികവത്കരിക്കുക, ഗവേഷണത്തിന് പ്രാധാന്യം നല്‍കുക തുടങ്ങി ഏഴു ലക്ഷ്യങ്ങളോടെയാണ് ബൗദ്ധിക സ്വത്തവകാശനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പേറ്റന്‍റ് നേടിയ കമ്പനികള്‍ ചില മരുന്നുകളുടെ കുത്തക നിലനിര്‍ത്തുമ്പോള്‍ അവശ്യമരുന്നുകള്‍ക്ക് ക്ഷാമം വരാതിരിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് ചട്ടം ഇന്ത്യ കൊണ്ടു വന്നിരുന്നു. ഇത് പിന്‍വലിക്കണമെന്ന അമേരിക്കന്‍ ആവശ്യം തള്ളുന്നതായും പുതിയ നയം പ്രഖ്യാപിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
ബൗദ്ധിക സ്വത്തവകാശത്തില്‍ പെടുന്ന പേറ്റന്‍റ് നിയമം, പകര്‍പ്പവകാശ നിയമം തുടങ്ങിയവ കേന്ദ്ര വ്യാവസായികോല്‍പന്ന പ്രോത്സാഹന മന്ത്രാലയത്തിന് കീഴില്‍ കൊണ്ടു വരാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.
