ബീജിംഗ്: ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവുവരാത്ത സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈനീസ് മാധ്യമങ്ങള്‍. അതിര്‍ത്തിയിലെ പ്രകോപനം യുദ്ധത്തിലേക്ക് നയിച്ചാല്‍ 1962ലെ യുദ്ധക്കെടുതികളേക്കാളും വലിയ നാശനഷ്ടമാകും ഇന്ത്യയ്ക്ക് അഭിമുഖീകരിക്കേണ്ടിവരികയെന്ന ഭീഷണിയാണ് ചൈനീസ് മാധ്യമങ്ങൾ ഉയര്‍ത്തിയിരിക്കുന്നത്. അതിര്‍ത്തിയിലെ നാണംകെട്ട നടപടിയ്ക്ക് ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
രാജ്യാന്തര സമൂഹത്തിനു മുന്നിൽ നാണംകെട്ട രീതിയിലാണ് ഇന്ത്യയുടെ പെരുമാറ്റമെന്നും പത്രം കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ സൈനികശേഷിയെക്കുറിച്ചു ഞങ്ങൾക്കു നല്ല തിരിച്ചറിവുണ്ട്. 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന പ്രതിരോധമന്ത്രി അരുൺ ജയ്‌റ്റ്‌ലിയുടെ പ്രസ്താവന ശരിയാണ്. എന്നാല്‍ യുദ്ധമുണ്ടായാല്‍ 1962ലേതിനേക്കാളും വലിയ നാശമായിരിക്കും 2017ൽ ഇന്ത്യയ്ക്കുണ്ടാകുകയെന്നും ഗ്ലോബൽ ടൈംസിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
1962ലെ യുദ്ധത്തെ ഓര്‍മിപ്പിച്ച് ഇന്ത്യക്കെതിരെ ആഞ്ഞടിച്ച ചൈനയ്ക്കെതിരെ 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന് പറഞ്ഞ് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചടിച്ചിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് ഗ്ലോബല്‍ ടൈംസ് ഇന്ത്യയെ വിമര്‍ശിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പത്രമാണ് ഗ്ലോബല്‍ ടൈംസ്.
ജെയ്‌റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക് പുറമെ കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയും ചൈനയെ ചൊടിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യ രണ്ടര യുദ്ധത്തിന്(ചൈന-പാക്കിസ്ഥാന്‍-എന്നിവയ്ക്ക് പുറമെ ആഭ്യന്തര ശത്രുക്കളും ഉള്‍പ്പെടെ) തയാറാണെന്ന് ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദോക് ലാ മേഖലയിൽ സേനയെ ഉപയോഗിക്കാമെന്നാണ് ഇന്ത്യ കരുതുന്നത് തയാറാണെന്നും അവർ പറയുന്നു. എന്നാൽ ഇന്ത്യയുടെ സൈനികശേഷിയെക്കുറിച്ചു ഞങ്ങൾക്കു നല്ല തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെ 1962ലേക്കാളും വലിയ നാശമായിരിക്കും 2017ൽ ഇന്ത്യയ്ക്കുണ്ടാകുകയെന്നും ഗ്ലോബൽ ടൈംസിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
