ശ്രീലങ്കയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം നൂറ് കവിഞ്ഞു. വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത് രണ്ടുലക്ഷത്തോളം പേരാണ്. ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രളയത്തിലകപ്പെട്ട് 93 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. 

ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ശ്രീലങ്കയില്‍ ഉണ്ടായ ഏറ്റവും രൂക്ഷമായ പ്രളയമാണിത്. 2003ലുണ്ടായ പ്രളയത്തില്‍ ഏതാണ്ട് 100 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ലങ്കന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ദുരിതാശ്വാസത്തിനുള്ള സാമഗ്രഹികളും മരുന്നും ഭക്ഷണവും വെള്ളവുമായി ഇന്ത്യയുടെ കപ്പല്‍ കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയിരുന്നു. 

ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും ലങ്കയിലെത്തിയിട്ടുണ്ട്. മൂന്നു കപ്പലുകളാണ് ഇന്ത്യ സഹായത്തിനായി അയക്കുന്നത്. ഇതില്‍, രണ്ടാമത്തെ കപ്പല്‍ ശനിയാഴ്ച കൊച്ചിയില്‍ നിന്നും ശ്രീലങ്കയിലേക്ക് പുറപ്പെട്ടുവെന്നും നാവികസേന അധികൃതര്‍ അറിയിച്ചു. ലങ്കയിലെത്തിയ ആദ്യ സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.