ഇന്ത്യയില്‍ പുതിയ കമ്പനി രൂപീകരിച്ച് ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാനും ഒപ്പം വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് തുടങ്ങാനും തീരുമാനിച്ചതായി ഖത്തര്‍ എയര്‍വെയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍ രണ്ടു ദിവസം മുമ്പ് ബെര്‍ലിനില്‍ അറിയിച്ചിരുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളുടെ മേധാവികള്‍ ഇതിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചതായി ഇന്നലെ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ അജയ്‌സിംഗും ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷും ഇന്നലെ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍ ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. വിഷയം കോടതിയുടെ മുന്നില്‍ കൊണ്ടുവരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സും അറിയിച്ചിട്ടുണ്ട്. വിദേശ കമ്പനികള്‍ക്ക് രാജ്യത്തെ സിവില്‍ വ്യോമയാന മേഖലയില്‍ 100 ശതമാനം നിക്ഷേപം അനുവദിക്കുന്ന നിയമ ഭേദഗതി ഫെഡറേഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ചില ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ഇന്ത്യയില്‍ സ്വന്തമായി വിമാന കമ്പനി തുടങ്ങാനുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ നീക്കത്തിന് ഇന്ത്യയില്‍ രാഷ്ട്രീയമായ എതിര്‍പ്പുകളും നേരിടേണ്ടി വരുമെന്നാണ് സൂചന. കോടതിയില്‍ നിയമ യുദ്ധത്തിന് കളമൊരുങ്ങുമ്പോള്‍ തന്നെ ഒരു വിദേശ വിമാന കമ്പനിക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം അനുവദിച്ചു കൊണ്ടുള്ള തീരുമാനത്തിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും വലിയ വിവാദങ്ങള്‍ ഉയര്‍ന്നു വരുമെന്നും ചിലര്‍ നിരീക്ഷിക്കുന്നു.