ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഇറാന്‍ പൗരന്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇസ്രയേല്‍ സേന രംഗത്തെത്തിയിരുന്നു.

ടെഹ്‌റാന്‍: ഇസ്രായേലിലെ ഇന്ത്യക്കാർക്ക് വീണ്ടും ജാഗ്രതാ നിർദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ എംബസി. സുരക്ഷ പരമപ്രധാനമാണെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി കരുതലോടെ ഇരിക്കണം എന്നാണ് നിര്‍ദേശം. ഇസ്രയേൽ അധികൃതരുമായി നിരന്തര സമ്പർക്കത്തിൽ ആണ് എന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഇസ്രയേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യോമ പാത അടച്ചിട്ടുമുണ്ട്.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഇറാന്‍ പൗരന്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇസ്രയേല്‍ സേന രംഗത്തെത്തിയിരുന്നു. ഇറാനിലെ ആയുധ നിര്‍മ്മാണശാലകളിലുള്ളവരും സമീപമുള്ളവരും ഉടന്‍ തന്നെ സ്ഥലം കാലിയാക്കണമെന്ന് ഇസ്രയേല്‍ സേനാ പ്രതിനിധി കേണല്‍ അവിചയ് അദ്രെയ് അറിയിച്ചു. ' ഇറാനിലെ സൈനിക ആയുധ നിർമ്മാണശാലകളിലും സഹായ സ്ഥാപനങ്ങളിലും നിലവിലുള്ളവരും വരുംഭാവിയില്‍ അങ്ങോട്ട് പോകാനിരിക്കുന്നവരും ഉടന്‍ തന്നെ ആ പ്രദേശങ്ങള്‍ വിട്ടുപോവുകയും ഇനിയൊരു അറിയിപ്പുണ്ടാകും വരെ തിരികെയെത്തുകയും ചെയ്യരുത്. ഇറാനിലെ ആയുധ നിര്‍മ്മാണശാലകള്‍ക്ക് സമീപമുള്ള സാന്നിധ്യം നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കും'- എന്നാണ് ഐഡിഎഫ് വക്താവിന്‍റെ മുന്നറിയിപ്പ്. ഇറാനില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഇസ്രയേല്‍ കനത്ത വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

വെള്ളിയാഴ്‌ച പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനും, അണവ സമ്പുഷ്‌ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ സേന വ്യോമാക്രമണം തുടങ്ങിയത്. ഇതിന് ടെല്‍ അവീവിലേക്ക് അടക്കം ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പടെ പ്രയോഗിച്ച് ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കിയതോടെ ഇസ്രയേല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക സംഭരണിയും എണ്ണപ്പാടങ്ങളും ആക്രമിക്കുന്നതില്‍ ശ്രദ്ധയൂന്നി. ഇറാനിലെ ബുഷ്‌ഹര്‍ പ്രവിശ്യയിലുള്ള പാര്‍സ് റിഫൈനറിയാണ് ഐഡിഎഫ് ആക്രമിച്ചത്. നഥാന്‍സ് യുറേനിയം സമ്പുഷ്‌ടീകരണ നിലയത്തിന് പുറമെ മറ്റ് ആണവ നിലയങ്ങളിലേക്കും ഇസ്രയേല്‍ സേന വ്യോമാക്രമണം വ്യാപിപ്പിക്കുകയും ചെയ്തു. ആയുധ ഫാക്ടറികളാണ് ഇസ്രയേല്‍ സേനയുടെ അടുത്ത ലക്ഷ്യം എന്നാണ് സൂചന.

YouTube video player