മസ്ക്കറ്റ്: മസ്‌കറ്റിലെ ബിഐഎസ് നിർമാണ കമ്പനിയിലെ തൊഴിൽ പ്രശ്‌നത്തിൽ ഇന്ത്യൻ എംബസി ഇടപെടുന്നു. രണ്ടു ദിവസത്തിനകം കമ്പനി അധികൃതരുമായി പ്രശ്നം ചർച്ച ചെയ്യുമെന്നു മസ്കറ്റിലെ ഇന്ത്യന്‍ അംബാസിഡർ ഇന്ദ്രൻ മണി പാണ്ഡെ അറിയിച്ചു. തൊഴിലാളികളെ സ്ഥാനപതി ഇന്നലെ നേരിൽ കണ്ടു ചർച്ച നടത്തി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.

കഴിഞ്ഞ മൂന്ന് കൊല്ലമായി ഒമാനിലെ ബിഐഎസ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന തൊഴിലാളികൾക്കു അഞ്ചു മാസത്തിലേറെ ശമ്പളം ലഭിക്കുന്നില്ല എന്ന, ഇവരുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തിരുന്നു. വാർത്ത അധികൃതരുടെ ശ്രദ്ധയിൽ എത്തിയത് തൊഴിലാളികൾക്കു ഇപ്പോൾ ആശ്വാസമായി.

ബിഐഎസ് കമ്പനിയിലെ എണ്‍പതിലേറെ തൊഴിലാളികൾക്കാണ് അഞ്ച് മാസത്തിലേറെ ശമ്പളം ലഭിക്കാതെയും മതിയായ തൊഴിൽ രേഖകളും, ജീവിത സൗകര്യങ്ങളും ഇല്ലാതെയും ദുരിതത്തിൽ കഴിഞ്ഞിരുന്നത്. വിഷയത്തിൽ അംബാസിഡറുടെ നേരിട്ടുള്ള ഇടപെടൽ തൊഴിലാളികൾക്ക് ആത്മ വിശ്വാസം നല്‍കിയിട്ടുണ്ട്. പ്രശ്ങ്ങൾ ഉടൻ പരിഹരിക്കപെട്ടു എത്രയും പെട്ടന്ന് നാടണയാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഈ തൊഴിലാളികൾ .