മക്ക: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ മദീനയില്‍ നിന്നും മക്കയിലെത്തി തുടങ്ങി. മക്കയിലെത്തിയ ആദ്യ സംഘത്തെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും, മലയാളീ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

ഇന്നലെയാണ് മദീനയില്‍ നിന്നും തീര്‍ഥാടകര്‍ മക്കയിലെത്തി തുടങ്ങിയത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ആദ്യമായി ഹജ്ജിനെത്തിയ 2600ഓളം തീര്‍ത്ഥാടകരാണ് എട്ടു ദിവസത്തെ മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തിയത്. മക്കയിലെത്തിയ സംഘത്തെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്, ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം, ഹജ്ജ് സര്‍വീസ് ഏജന്‍സി പ്രതിനിധികള്‍, വിവിധ മലയാളീ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മധുരവും ലഘു ഭക്ഷണവും നല്‍കിയാണ് ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചത്. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് ഈ മാസം പതിമൂന്നിനാണെങ്കിലും ചില മലയാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴി ഇതിനകം ഹജ്ജിനെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി നാല്‍പ്പത്തി മുവ്വായിരത്തോളം തീര്‍ഥാടകര്‍ ഇതുവരെ ഹജ്ജിനെത്തി. ചൊവ്വാഴ്ച വരെ ഇന്ത്യയില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസ് തുടരും. ചൊവ്വാഴ്ച മുതല്‍ ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും.