റിയാദ്: ഇന്ത്യയുടെ ഹജ്ജ് ഹജ്ജ് ക്വാട്ട അയ്യായിരം കൂടി വര്‍ധിപ്പിച്ചു. ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകര്‍ക്ക് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാം.

1,70,025 ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. ഇന്ത്യയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഹജ്ജ് ക്വാട്ട അയ്യായിരം കൂടി വര്‍ദ്ധിപ്പിച്ചതായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. 1,75,025 ആയിരിക്കും ഇന്ത്യയുടെ പുതിയ ഹജ്ജ് ക്വാട്ടയെന്നു ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. മുന്‍വര്‍ഷങ്ങളെ പോലെതന്നെ ഹജ്ജ് ക്വാട്ടയില്‍ 73% പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 27% സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജിനെത്തും. ഇതുപ്രകാരം നാല്‍പ്പത്തിയാറായിരത്തോളം തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് നിര്‍വഹിക്കും. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചത്. ചടങ്ങില്‍ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണം എന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി സൗദി ഹജ്ജ് മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് അനുഭാവപൂര്‍വം പരിഗണിക്കാം എന്നായിരുന്നു അന്ന് ലഭിച്ച മറുപടി. ഇന്നാണ് ക്വാട്ട വര്‍ധിപ്പിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ജൂലൈ മധ്യത്തില്‍ ഇത്തവണത്തെ ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. 3,60,000 ത്തോളം പേരാണ് ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജിനായി അപേക്ഷിച്ചിരിക്കുന്നത്.