അമേരിക്കന്‍ വനിതയെ റോഡില്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ ഭര്‍ത്താവ് മുങ്ങി. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിന് സമീപമുള്ള വെള്ളാഗേറ്റില്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി പരിഭ്രാന്തയായി നടന്ന വിദേശ വനിതയെ നാട്ടുകാര്‍ കണ്ടത് ശനിയാഴ്ച വൈകുന്നേരത്തോടെയാണ്.
കാഞ്ചീപുരം: അമേരിക്കന്‍ വനിതയെ റോഡില്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ ഭര്‍ത്താവ് മുങ്ങി. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിന് സമീപമുള്ള വെള്ളാഗേറ്റില്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി പരിഭ്രാന്തയായി നടന്ന വിദേശ വനിതയെ നാട്ടുകാര്‍ കണ്ടത് ശനിയാഴ്ച വൈകുന്നേരത്തോടെയാണ്.
മുപ്പതു വയസിനടുത്ത് പ്രായം വരുന്ന യുവതിയെ വേളാച്ചേരി സ്വദേശിയാണ് വിവാഹം ചെയ്തിരുന്നത്. വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തന്നെ ഭര്‍ത്താവ് വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ച യുവതിയെ വഴിയില്‍ നിര്‍ത്തി ഭര്‍ത്താവ് കാറില്‍ കടന്നു കളയുകയായിരുന്നു.
യുവതി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഭര്‍ത്താവുമായി ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചു. യുവതി ഭാര്യയാണെന്ന കാര്യം നിഷേധിക്കാതിരുന്ന യുവാവ് മറ്റ് ചോദ്യങ്ങളോട് പ്രതികരിച്ചില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഏതാനും നാളുകളായി ഇവര്‍ വേളാച്ചേരിയില്‍ ആയിരുന്നു താമസം. യുവതിയെ പൊലീസ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
