ഹൈദരാബാദ്: ജോലിയുടെ ഭാഗമല്ലാത്ത ആദ്യ വിനോദയാത്രയ്ക്ക് സതേണ്‍ റെയില്‍വെ തെരഞ്ഞെടുത്തത് സീനിയര്‍ ഉദ്യോഗസ്ഥരെയോ ഗസറ്റഡ് ഓഫീസര്‍മാരെയോ അല്ല. സിംഗപ്പൂരിലും മലേഷ്യയിലുമായുള്ള ആറ് ദിവസത്തെ വിനോദയാത്രയ്ക്കായി പറന്നത് തെരഞ്ഞെടുക്കപ്പെട്ട ഗാംഗ് മാന്മാരും ട്രാക്ക് മാന്‍മാരും അടക്കം 100 ജീവനക്കാര്‍.
ജനുവരി 28നാണ് യാത്ര ആരംഭിച്ചത്. വിനോദയാത്രയുടെ 75 ശതമാനം തുകയും സ്റ്റാഫ് ബെനഫിറ്റ് ഫണ്ടില്‍നിന്നാണ് മുടക്കുന്നത്. 25 ശതമാനം മാത്രമാണ് ജീവനക്കാര്‍ ചെലവഴിക്കേണ്ടതുള്ളു; സതേണ്‍ റെയില്‍വെ ചീഫ് എം ഉമാശങ്കര്‍ കുമാര്‍ പറഞ്ഞു.
ഗ്രൂപ്പ് സി, ഡി ക്യാറ്റഗറി ജീവനക്കാരെയാണ് 100 പേരിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. വിരമിക്കല്‍ കാലാവധി അടുത്തിരിക്കുന്നവര്‍ക്കും ഏറ്റവും താഴെ തട്ടിലുള്ള ജീവനക്കാര്‍ക്കുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും കുമാര്‍ പറഞ്ഞു. ഗസറ്റഡ് ഇതര ജീവനക്കാരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ റെയില്‍വെ മാറ്റിവച്ചിരിക്കുന്നതാണ് എസ്ബിഎഫ് ഫണ്ട്.
