ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധം ഭയന്ന് ഇന്ത്യന്‍ ശാസ്‌ത്ര കോണ്‍ഗ്രസ് മാറ്റിവെച്ചു. 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയിലെ ശാസ്‌ത്രജ്ഞരുടെ ഏറ്റവും വലിയ സംഗമം മാറ്റിവെയ്‌ക്കപ്പെടുന്നത്. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയിലായിരുന്നു ശാസ്‌ത്ര കോണ്‍ഗ്രസ് നടക്കേണ്ടിയിരുന്നത്.

പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രിമാര്‍ ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടി പരമ്പരാഗതമായി ഇന്ത്യന്‍ ശാസ്‌ത്ര കോണ്‍ഗ്രസാണ്. കാമ്പസിലെ ചില പ്രശ്നങ്ങള്‍ കാരണം ശാസ്‌ത്രകോണ്‍ഗ്രസ് നടത്താന്‍ പറ്റുന്ന സാഹചര്യമല്ലെന്ന് സര്‍വകലാശാലാ വി.സി അറിയിക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഡിസംബര്‍ മൂന്ന് മുതല്‍ കാമ്പസില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം നടന്നുവരികയാണ്. ദലിത്, പിന്നോക്ക വിഷയങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെയും സംസ്ഥാന സര്‍ക്കാറിന്റെ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെതിരെയും വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ വിലിയിരുത്തിയിരുന്നു. ഇത് കൊണ്ടുള്ള സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും സര്‍വകലാശാലാ വി.സിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ശാസ്‌ത്ര കോണ്‍ഗ്രസ് അസോസിയേഷന്‍ പ്രതിനിധി പറഞ്ഞത്. പുതിയ വേദിയും തീയ്യതിയും തീരുമാനിക്കാന്‍ ഡിസംബര്‍ 27ന് അസോസിയേഷന്‍ യോഗം ചേരും. 

സാധാരണയായി ഒരു വര്‍ഷം മുന്‍പുതന്നെ ശാസ്‌ത്രകോണ്‍ഗ്രിസിന്റെ വേദി നിശ്ചയിക്കപ്പെടും. നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിക്കുന്ന പരിപാടിക്ക് വേണ്ടി വലിയ ഒരുക്കങ്ങളാണ് ഒരു വര്‍ഷം കൊണ്ട് നടത്താറുള്ളത്. വിവിധ ശാസ്‌ത്ര സ്ഥാപനങ്ങളുടെ മേധാവിമാര്‍ മുതല്‍ ആയിരക്കണത്തിന് ശാസ്‌ത്ര-ഗവേഷക വിദ്യാര്‍ത്ഥികള്‍ വരെ പങ്കെടുക്കുന്ന പരിപാടിയാണ് ശാസ്‌ത്രകോണ്‍ഗ്രസ്. പുരാണങ്ങളിലെ വിവിധ സംഭവങ്ങള്‍ ശാസ്‌ത്രനേട്ടങ്ങളായി അവതരിപ്പിച്ചതിന്റെ പേരില്‍ 2014ലെ ശാസ്‌ത്ര കോണ്‍ഗ്രസ് വിവാദത്തിലായിരുന്നു.