ഗായകര്‍ക്ക് റോയല്‍റ്റി തുക കൈമാറി

First Published 13, Apr 2018, 9:39 PM IST
indian singers rights association
Highlights
  • 2015 മുതല്‍ 2017 വരെയുള്ള 2 വര്‍ഷം വിവിധ സ്റ്റേജുകളിലും ചാനലുകളിലും ഷോകളിലും ഐ പി എല്‍, പ്രോ കബഡി ലീഡ് തുടങ്ങിയ മത്സരവേദികളിലും ഉപയോഗിച്ച ഗാനങ്ങളുടെ റോയല്‍റ്റി സംഖ്യയാണ് ചടങ്ങില്‍ വിതരണം ചെയ്തത്

ചെന്നൈ: നഗരത്തില്‍ വച്ചു നടന്ന ഗാനങ്ങളുടെ റോയല്‍റ്റി തുക വിതരണ ചടങ്ങ് ഗായകരിലെ രണ്ട് തലമുറകളുടെ സംഗമത്തിന് കൂടി വേദിയായി. ഇതാദ്യമായാണ്  രാജ്യത്ത് ഗായകര്‍ക്ക് ഗാനങ്ങളുടെ റോയല്‍ട്ടി സംഖ്യ നല്‍കുന്നത്. യേശുദാസ്, എസ്.പി.ബാലസുബ്രഹ്മണ്യം, പി.സുശീല തുടങ്ങിയ മുതിര്‍ന്ന ഗായകര്‍ക്കൊപ്പം  പുതുതലമുറ ഗായകര്‍ വരെ ചടങ്ങില്‍ പങ്കെടുത്തു

ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷന്‍ അഥവാ ഇസ്രയാണ് ചടങ്ങ് സംഘടിപ്പിച്ചത്. 2015 മുതല്‍ 2017 വരെയുള്ള 2 വര്‍ഷം വിവിധ സ്റ്റേജുകളിലും ചാനലുകളിലും ഷോകളിലും ഐ പി എല്‍, പ്രോ കബഡി ലീഡ് തുടങ്ങിയ മത്സരവേദികളിലും ഉപയോഗിച്ച ഗാനങ്ങളുടെ റോയല്‍റ്റി സംഖ്യയാണ് ചടങ്ങില്‍ വിതരണം ചെയ്തത്. ആകെ 51 ലക്ഷത്തിലധികം രൂപ ഈ ഇനത്തില്‍ ഇസ്രയുടെ പേരിലെത്തി. ഇതില്‍  42 ലക്ഷം രൂപ വിവിധ വേദികളില്‍ ഉപയോഗിച്ച പാട്ട് തങ്ങളുടേതെന്ന് വ്യക്തമായി  അറിയാവുന്ന ഗായകര്‍ക്കും ബാക്കി 9 ലക്ഷം അസോസിയേഷനില്‍ അംഗങ്ങളായ 298 ഗായകര്‍ക്കും വീതിച്ച് നല്‍കും. 

വലിയ പോരാട്ടത്തിന് ഒടുവിലുണ്ടായ വിജയമാണ് ഇതെന്ന് ചടങ്ങില്‍ സംസാരിച്ച ഗായകന്‍ കെ.ജെ.യേശുദാസ് പറഞ്ഞു. ഗായകര്‍ക്ക് ലഭിക്കുന്ന നീതിപൂര്‍വകമായ അംഗീകാരമാണ് റോയല്‍ട്ടിയെന്ന് കെ എസ് ചിത്രയും അഭിപ്രായപ്പെട്ടു. എസ്.പി.ബാലസുബ്രഹ്മണ്യം, പി.സുശീല, വാണി ജയറാം, ശ്രീനിവാസ്, ജി വേണുഗോപാല്‍, ഉണ്ണിമേനോന്‍, മനോ തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായകരെല്ലാം ചടങ്ങിനെത്തിയിരുന്നു.
 

loader