ന്യൂഡല്‍ഹി: പട്ടാള അട്ടിമറി ശ്രമത്തെതുടർന്ന് സംഘർഷമുണ്ടായ തുർക്കിയിൽ നിന്ന് ലോകസ്കൂൾ മീറ്റിൽ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍കായിക താരങ്ങള്‍ സുരക്ഷിതരായി മടങ്ങിയെത്തി. 13 മലയാളികളടക്കം 44 പേരുടെ കായികതാരങ്ങളുടെ ആദ്യസംഘമാണ് ദില്ലിയില്‍ മടങ്ങിയെത്തിയത്.

പുലർച്ചെ നാലരയ്ക്ക് ടർക്കിഷ് എയർലൈൻസ് വിമാനത്തിലാണ് സംഘം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. മൂന്ന് സംഘമായി ഇന്ത്യൻ താരങ്ങൾ ദില്ലിയിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. ഇതിലെ ആദ്യ സംഘമാണ് ഇന്ന് പുലർച്ചെ എത്തിയത്.

കായികമേള നടന്നിരുന്ന ട്രാബ്സോണിൽ നിന്ന് അങ്കോറയിലെത്തിയ സംഘം ഇസ്താംബൂള്‍ വഴി ദില്ലിയിലേക്ക് വരികയായിരുന്നു. 13 മലയാളി താരങ്ങളിൽ 3 ആൺകുട്ടികളും 10 പെൺകുട്ടികളും ഉള്‍പ്പെടുന്നു. സംഘർഷം ട്രാസ്ബോണിലേക്ക് എത്തിയില്ലെന്നും ആക്രമണത്തെകുറിച്ച് അറിഞ്ഞപ്പോൾ ആശങ്കയുണ്ടായിരുന്നെന്നും കായിക താരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ന് കേരള ഹൗസിലും ട്രാവൻകൂർ ഹൗസിലുമായി തങ്ങുന്ന സംഘം നാളെ ഉച്ചയ്ക്ക് സമ്പർക്രാന്തി എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങും.