തടവിൽ വെച്ച് ശാരീരികമായി പീഡിപ്പിച്ചു മഹാരാഷ്ട്ര വിരാഹ് സ്വദേശിനി ഹേമലത ഏഷ്യാനെറ്റ് ന്യൂസിനോട്
റിയാദ്: ഏജന്‍റിന്‍റെ ചതിയിൽപ്പെട്ടു സൗദിയിൽ വീട്ടുജോലിക്കെത്തിയ മഹാരാഷ്ട്ര സ്വദേശിനിക്ക് ശമ്പളമില്ലാതെ ജോലിചെയ്യേണ്ടി വന്നത് രണ്ടു വർഷത്തിലധികം. അവസാനം ജോലിചെയ്ത വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ സഹായം വാഗ്‌ദാനം ചെയ്തു കൂട്ടികൊണ്ടുപോയ സ്വദേശി രണ്ടു ദിവസം തടവിൽ വെച്ച് ശാരീരികമായി പീഡിപ്പിച്ചതായും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2016 ഫെബ്രുവരിയിലാണ് മഹാരാഷ്ട്ര വിരാഹ് സ്വദേശിനി ഹേമലത ദമ്മാമിലെ ഒരു ഏജൻറ് നൽകിയ ഹൗസ് മെയിഡ് വിസയിൽ സൗദിയിലെത്തിയത്. പ്രായമായ മതവും മൂന്നു കുട്ടികളുമുള്ള കുടുംബം പോറ്റാനാണ് അൻപത്തിമൂന്നുകാരിയായ ഹേമലത വീട്ടുജോലിക്കായി എത്തിയത്. രണ്ടു വർഷത്തിലധികം ഏജൻറ് മുഖേനെ വിവിധ വീടുകളിൽ ജോലിചെയ്‌തെങ്കിലും ഒരു റിയൽ പോലും ശമ്പളമായി ലഭിച്ചില്ല. ഒപ്പം ശാരീരിക പീഡനവും.
അവസാനം ജോലി ചെയ്ത പാകിസ്ഥാനിയുടെ വീട്ടിൽ നിന്ന് വെറും കൈയോടെ റോഡിൽ ഇറക്കിവിട്ടു. സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ എംബസിയിൽനിന്നും ഔട്ട് പാസ് ലഭിച്ച ഹേമലത ഇന്ന് നാട്ടിലേക്കു മടങ്ങി. ഏജന്‍റുമാരുടെ മോഹന വാഗ്‌ദാനത്തിൽപ്പെട്ട് വിദേശത്തേക്ക് എത്തുന്നവർക്കുള്ള ഒരു പാഠമാണ് എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങിയ ഹേമലത.
