പാകിസ്ഥാന്‍കാരന്‍ തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയ യുവതി ഇന്ത്യയില്‍ തിരിച്ചെത്തി. തോക്കുചൂണ്ടി നിര്‍ബന്ധിച്ച്  വിവാഹം കഴിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയ ദില്ലി സ്വദേശിനി ഉസ്‍മയാണ് തിരികയെത്തിയത്. ഉസ്മയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.

മലേഷ്യയില്‍ നിന്നും പരിചയപ്പെട്ട പാകിസ്ഥാന്‍കാരന്‍ താഹിര്‍ അലി, ഭാര്യയും നാലു മക്കളുമുണ്ടെന്ന വിവരം മറച്ചുവച്ചാണ് ഈ മാസം മൂന്നിന് ഇസ്ലാമാബാദില്‍ വെച്ച് വിവാഹം കഴിച്ചതെന്നും ഈ മാസം 30ന് വിസ കാലവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വിടാന്‍ അനുവദിക്കണമെന്നുമുള്ള ഉസ്മയുടെ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് താഹിർ അലി തന്നെ വിവാഹം കഴിച്ചതെന്ന് ഉസ്മ ആരോപിച്ചിരുന്നു. വിവാഹത്തിന് ശേഷം താഹിർ അലി തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും യാത്രാരേഖകൾ എടുത്തുമാറ്റിയിരുന്നതായും ഉസ്മ പറഞ്ഞു. പിന്നീട് ഇന്ത്യൻ ഹൈകമ്മീഷനിൽ ഉസ്മ അഭയം തേടുകയായിരുന്നു. ഉസ്മയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഉസ്മ വാഗാ അതിർത്തി വഴിയാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥർ ഇവർക്ക് സുരക്ഷ നൽകിയിരുന്നു.

"ഇന്ത്യയുടെ പുത്രിക്ക് സ്വദേശത്തേക്ക് സ്വാഗതം. ഈ ദിവസങ്ങളിൽ അനുഭവിക്കേണ്ട യാതനകൾക്ക് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു" എന്ന്  വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉസ്മക്ക് സ്വാഗതം നൽകി ട്വിറ്ററിൽ കുറിച്ചു.