Asianet News MalayalamAsianet News Malayalam

ജിസാനില്‍ അറുപത്തിയെട്ടു ഇന്ത്യക്കാര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നു

  • സൗദിയിലെ ജിസാനില്‍ അറുപത്തിയെട്ടു ഇന്ത്യക്കാര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്‌
Indians in saudi jail

റിയാദ്: സൗദിയിലെ ജിസാനില്‍ അറുപത്തിയെട്ടു ഇന്ത്യക്കാര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്‌. സൗദിയില്‍ നിരോധിച്ച ഖാത്ത് എന്ന ഇല യമനില്‍ നിന്നും കടത്താന്‍ ശ്രമിച്ചതാണ് മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരും ചെയ്ത കുറ്റം.

കഴിഞ്ഞ ദിവസം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ കോണ്‍സുല്‍ മോയിന്‍ അക്തറിന്‍റെ നേതൃത്വത്തില്‍ യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലെ സെന്‍ട്രല്‍ ജയിലും, ഡീപോര്‍ട്ടെഷന്‍ സെന്‍ററും സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്‌ പ്രകാരം സെന്‍ട്രല്‍ ജയിലില്‍ അറുപത്തിയെട്ട് ഇന്ത്യക്കാര്‍ തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്. 

ഇതില്‍ നാല്‍പ്പത്തിയെട്ടും മലയാളികളാണ്‌. ബാക്കി ഇരുപത് പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും. കൊലപാതകം, മയക്കുമരുന്ന് കടത്ത്, മദ്യ നിര്‍മാണം തുടങ്ങി വിവിധ കേസുകളിലാണ് ഇവര്‍ ജയിലില്‍ കഴിയുന്നത്. സൗദിയില്‍ നിരോധിച്ച ഖാത്ത് എന്ന ഇല കടത്തുമ്പോള്‍ പിടിക്കപ്പെട്ടവരാണ് തടവില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും. 

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാരുടെ പ്രലോഭനങ്ങളില്‍ വീണാണ് പലരും, പ്രത്യേകിച്ച് ജിസാനിന് പുറത്ത് നിന്നെത്തുന്നവര്‍ ഖാത്ത് കടത്താന്‍ കൂട്ടു നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്‌.

ജിസാന്‍ ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററില്‍ നാല് ഇന്ത്യക്കാരാണുള്ളത്. സ്വന്തം സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യല്‍, അനധികൃതമായി ടാക്സി സര്‍വീസ് നടത്തല്‍ എന്നിവയാണ് ഇവരുടെ  പേരിലുള്ള കുറ്റം. താമസിയാതെ ഇവരെ നാടു കടത്തുമെന്നാണ് റിപ്പോര്‍ട്ട്‌.

Follow Us:
Download App:
  • android
  • ios