ദില്ലി: പ്രമാദമായ ഷീന ബോറ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ ശ്യാംവാര്‍ റായ്. നേരത്തെ പദ്ധതിയിട്ടത് പ്രകാരം കാറില്‍ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ സഹായത്തോടെ ഷീന ബോറയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ശ്യാംവാര്‍ സി.ബി.ഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. കൊലപ്പെടുത്തിയ ശേഷം ഇന്ദ്രാണി ഷീനയുടെ മുഖത്ത് കയറി ഇരുന്നതായും ശ്യാംവാര്‍ കോടതിയില്‍ പറഞ്ഞു.
ഏപ്രിലില്‍ കൊലപാതകം നടക്കുന്നതിനു മുമ്പ് മാര്‍ച്ചില്‍ തന്നെ ഷീനബോറയെയും മകന്‍ മെക്കയിലിനെയും കൊല്ലണമെന്ന് പറഞ്ഞിരുന്നതായും ശ്യാംവാര്‍ കോടതിയില്‍ പറഞ്ഞു. ഷീന ബോറയും മകന്‍ മെക്കയിലും തന്നെ എല്ലാവരുടെയും മുന്നില്‍ വച്ച് അമ്മ എന്ന് വിളിച്ച് അപമാനിക്കുന്നതായും ഇരുവരെയും കൊല്ലണമെന്നും ഇന്ദ്രാണി പറഞ്ഞതായാണ് ശ്യാംവാര്‍ വെളിപ്പെടുത്തിയത്. ഷീന ബോറയും മുന്‍ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ മുഖര്‍ജിയുമായി ഷീന പ്രണയത്തിലായിരുന്നെന്നും, ഇത് കൊലപാതകത്തിന് ഇന്ദ്രാണിയെ പ്രേരിപ്പിച്ചതായി ശ്യാംവാര്‍ പറഞ്ഞു.
2012 ഏപ്രില്‍ 24നാണ് ഇന്ദ്രാണി മകളായ ഷീന ബോറയെ ക്രൂരമായി കൊലചെയ്‌തത്. മൂന്ന് വര്‍ഷങ്ങള്‍ ശേഷം അനധികൃത ആയുധ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡ്രൈവര്‍ ശ്യാംവാര്‍ പിടിയിലായതോടെയായിരുന്നു ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. ഷീന ബോറ അമേരിക്കയിലാണെന്നായിരുന്നു ഇന്ദ്രാണി എല്ലാവരെയും ധരിപ്പിച്ചത്. കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ആഗസ്തിലായിരുന്നു ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായത്.
