എറണാകുളം ഫോര്‍ട്ടുകൊച്ചിയില്‍ സാന്താ ക്ലോസ് ബസലിക്കയ്ക്കു സമീപമാണ് ഒന്നരദിവസം പ്രായമുളള കുഞ്ഞിൻറെ മൃതദേഹം കിടന്നിരുന്നത്. പ്രഭാതസവാരിക്കിറങ്ങിയവര്‍ പ്ലാസ്റ്റിക് കവറില്‍ എന്തോ കിടക്കുന്നതു കണ്ട് സംശയം തോന്നി പൊലീസിനെ അറിയിച്ചു. പൊലീസെത്തി തുറന്നു നോക്കിയപ്പോള്‍ ഒരാണ്‍കുഞ്ഞിൻറെ മൃതദേഹം.
തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചിയിലെ ഹോംസ്റ്റേകളിലും ഹോട്ടലുകളിലും പൊലീസ് വ്യാപകമായി പരിശോധന നടത്തി. അടുത്തിടെ ഗര്‍ഭിണികളാരും റൂമെടുത്തിട്ടില്ലെന്ന് ബോധ്യമായി. പൊക്കിള്‍ കൊടി മുറിക്കാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനാല്‍ ആശുപത്രിയിലായിരിക്കില്ല പ്രസവിച്ചതെന്നാണ് നിഗമനം.
എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. ഫോര്‍ട്ടുകൊച്ചിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
