പാലക്കാട്: ചരിഞ്ഞ കാട്ടാനയ്ക്കരികില്‍ സങ്കടം സഹിക്കാതെ കുട്ടിയാന എത്തിയതു നൊമ്പരക്കാഴ്ചയാകുന്നു. കോയമ്പത്തൂര്‍ നരസിപുരം വൈദേഹി വെള്ളച്ചാട്ടത്തിനു സമീപമാണു ചരിഞ്ഞ അമ്മയെ തട്ടിയുണര്‍ത്താന്‍ കുഞ്ഞാന ശ്രമിച്ചത്.
വീണു കിടക്കുന്ന അമ്മ ഇനിയൊരിക്കലും എഴുനേല്‍ക്കില്ലെന്നു സഹ്യന്റെ മകന്‍ അറിയുന്നില്ല. അമ്മയെ തട്ടിയുണര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ കുഞ്ഞുകാലുകള്‍ ഉയര്‍ത്തി താങ്ങി എഴുന്നേല്‍പ്പിക്കാനായി നീക്കം. ഒടുവില്‍ അതും നടക്കാതെ വന്നപ്പോള്‍ കുഞ്ഞിനു സങ്കടം. കരളലിയിപ്പിക്കുന്ന ഈ കാഴ്ച കോയമ്പത്തൂര്‍ വൈദേഹി വെള്ളച്ചാട്ടത്തിന് സമീപത്തെ വനമേഖലയില്‍ നിന്നാണ്.
രാവിലെ 8 മണിയോടെയാണ് പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. അപ്പോഴും കൂടെ ഈ കുഞ്ഞാന ഉണ്ടായിരുന്നു. നാട്ടുകാരും സഞ്ചാരികളും അടുത്തുകൂടിയപ്പോഴും കുട്ടിയാന പോകാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വനപാലകരെത്തി പടക്കം പൊട്ടിച്ച് കുട്ടിയെമാറ്റി. അസുഖത്തെതുടര്‍ന്നാണ് ആന ചരിഞ്ഞതെന്നാണു പ്രാഥമിക നിഗമനം.
30 വയസുവരും പിടിയാനക്ക്. 4.5 വയസ്സുണ്ടാകും കുഞ്ഞിനെന്നു വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആന ചരിഞ്ഞത് സംബന്ധിച്ച് വനംവകുപ്പ്അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

