പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ നടപടി ഉണ്ടാവുന്നില്ലെന്നാരോപിച്ചാണ് പട്ടിണി സമരത്തിന് ഒരുങ്ങുന്നത്
തിരുവനന്തപുരം: കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം നാളെ തുടങ്ങും. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിലാണ് സമരം.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ ദുരിതബാധിതരും കുടുംബങ്ങളും നേരത്തെ സെക്രട്ടറേയറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം മാറ്റിവച്ചു. പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ നടപടി ഉണ്ടാവുന്നില്ലെന്നാരോപിച്ചാണ് പട്ടിണി സമരത്തിന് ഒരുങ്ങുന്നത്.
മുഴുവൻ ദുതിതബാധിതരേയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
സുഗതകുമാരി ടീച്ചറാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്. സാമൂഹ്യ പ്രവർത്തക ദയാബായി പട്ടിണിസമരത്തിൽ പങ്കെടുക്കും. സമരം പിൻവലിക്കുന്നതിനായി സർക്കാർ തലത്തിലും പാർട്ടി തലത്തിലും ചർച്ചകൾ നടത്താൻ ശ്രമിക്കുന്നുണ്ട്.
