ക്രൊയേഷ്യ സെമിയിലെത്തിയതോടെ രാജ്യത്തിന്‍റെ വീരനായകനായിരിക്കുകയാണ് ഗോള്‍കീപ്പര്‍ ഡാനിയേല്‍ സുബാസിച്ച്

സോച്ചി: ക്രൊയേഷ്യ സെമിയിലെത്തിയതോടെ രാജ്യത്തിന്‍റെ വീരനായകനായിരിക്കുകയാണ് ഗോള്‍കീപ്പര്‍ ഡാനിയേല്‍ സുബാസിച്ച്. മത്സരത്തിനിടെ പരിക്കേറ്റിട്ടും തളരാതെ നിന്ന സുബാസിച്ച് തുടര്‍ച്ച രണ്ടാം മത്സരത്തിലും ഷൂട്ടൗട്ടില്‍ ടീമിന്‍റെ രക്ഷകനായി.

ഗോള്‍ വലക്ക് കീഴിലെ ഏകാന്തത അത്ര മേല്‍ ഇഷ്ടപ്പെടുന്നുണ്ടാകും ഡാനിയല്‍ സുബാസിച്ച്. അല്ലെങ്കില്‍ പിന്നെങ്ങനെയാണ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഷൂട്ടൗട്ടില്‍ രാജ്യത്തിന്‍റെ രക്ഷകനാകുന്നത്. അതും മത്സരത്തിനിടെ പരിക്കേറ്റ് കളത്തിന് പുറത്ത് പോകേണ്ടിവരുമെന്ന അവസ്ഥയില്‍ നിന്ന്. ചെറിഷേവിന്‍റെ മിന്നും ഷോട്ടിന് മുന്നില്‍ നിസഹായനായി നില്‍ക്കുന്നത് കണ്ടപ്പോള്‍ സുബാസിച്ചിന്‍റെ ദിവസമല്ല ഇതെന്ന് തോന്നി.

3 സബ്സ്റ്റിറ്റ്യൂഷനും കഴിഞ്ഞിരുന്ന ക്രൊയേഷ്യക്ക് ആഘാതമായി 89 ആം മിനിറ്റില്‍ സുബാസിച്ചിനേറ്റ പരിക്ക്. നിശ്ചിത സമയം കഴിയുന്നത് വരെ സുബാസിച്ചിന് പിടിച്ച് നില്‍ക്കാനാകുമോ എന്നതായിരുന്നു അപ്പോഴത്തെ ചോദ്യം. പക്ഷെ 90 മിനിറ്റ് വരെയല്ല, അധികസമയത്തും ഷൂട്ടൗട്ടിലുമെല്ലാം ക്രൊയേഷ്യന്‍ വലകാത്തത് ഈ 33 കാരന്‍ തന്നെ. വേദന വകവെക്കാതെ റഷ്യന്‍ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു സുബാസിച്ച് 90+4,113

ഷൂട്ടൗട്ടിലെ ആദ്യ കിക്ക് തന്നെ തട്ടിയകറ്റി ലോകകപ്പ് ഷൂട്ടൗട്ടില്‍ നാല് പെനാല്‍റ്റി തടഞ്ഞിട്ടുള്ളത് ഇതിന് മൂന്പ് രണ്ട് പേര്‍ മാത്രം. പത്ത് വര്‍ഷം മുന്‍പ് മരിച്ച ഹൊസെ കുസ്തിച്ച് എന്ന കൂട്ടുകാരന്‍റെ ഓര്‍മകള്‍ ക്രൊസ് ബാറിന് കീഴില്‍ എന്നും പ്രചോദനമാണ് സൂബാസിച്ചിന്. ആ ഓര്‍മകള്‍ സുബാസിച്ചിന് നല്‍കുന്ന ധൈര്യവും ഊര്‍ജവും ക്രൊയേഷ്യന്‍ ഫുട്ബോളിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ്.