കൊച്ചി: എംപി ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് വോട്ടര്‍മാരോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ്.2017-18 വർഷത്തിൽ ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികൾ നിർദേശിക്കാനാണ് ഇന്നസെന്റ് വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.

മണ്ഡലത്തിനാകെ പ്രയോജനപ്പെടേണ്ട ഒറ്റ പദ്ധതിയാണ് നിർദ്ദേശിക്കേണ്ടതെന്ന് ഇന്നസെന്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വോട്ടര്‍മാരോട് പറഞ്ഞു. 5 കോടി രൂപയാണ് എം.പി ഫണ്ടായി ലഭിക്കുക. ഇതിൽ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങൾക്കും 37.5 ലക്ഷം പട്ടിക വർഗ വിഭാഗങ്ങൾക്കുമുള്ള പദ്ധതികൾക്കായി മാറ്റി വക്കണം. ബാക്കിയുള്ള 3.75 കോടിയോളം രൂപയാണ് ജനറൽ വിഭാഗ പദ്ധതികൾക്കായി ലഭിക്കുക. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള ഒരോരോ പദ്ധതികൾ നിർദേശിക്കാവുന്നതാണ്. ഒന്നിലധികം പദ്ധതികളും തരാം. മികച്ചത് തെരഞ്ഞെടുത്ത് നടപ്പാക്കും. നിർദ്ദേശിച്ചയാൾക്ക് പുരസ്കാരവും നൽകുമെന്നും ഇന്നസെന്റ് പറയുന്നു.

നിർദ്ദേശങ്ങൾ മാർച്ച് 31ന് മുമ്പായി എം.പി ഓഫീസ്, സെന്റ് ജോർജ്ജ് ബസിലിക്കയ്ക്ക് സമീപം, അങ്കമാലി പി.ഒ, ഫോൺ: 0484 2452644 /chalakkudymp@gmail.com എന്നീ വിലാസങ്ങളിലാണ് അയക്കേണ്ടത്.