ഭോപ്പാല്‍: സെക്‌സ് റാക്കറ്റ് നടത്തുകയായിരുന്ന ബിജെപി സംസ്ഥാന ഭാരവാഹി മധ്യപ്രദേശില്‍ പിടിയില്‍. വെബ്‌സൈറ്റ് വഴി വ്യഭിചാരവിപണി നടത്തുന്ന നേതാവായ നീരജ് ശക്യയാണ് ഭോപ്പാല്‍ സൈബര്‍സെല്ലിന്‍റെ പിടിയിലായത്. ബിജെപി സംസ്ഥാന മാധ്യമവിഭാഗം കോര്‍ഡിനേറ്ററാണ് ഇയാളെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഭോപ്പാലിലെ ഇ7 മേഖലയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെയും മറ്റ് എട്ടുപേരെയും വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുമായുള്ള ബന്ധം ആദ്യം നിഷേധിച്ച ബിജെപി, തെളിവുകള്‍ പുറത്തുവന്നതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ വാഗ്ദാനം നല്‍കി ഭോപ്പാലില്‍ പെണ്‍കുട്ടികളെയെത്തിക്കുകയായിരുന്നു സംഘമെന്ന് പൊലീസ് പറയുന്നു. ഇങ്ങനെയെത്തിച്ച പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് വ്യഭിചാരത്തിന് ഇറക്കുകയായിരുന്നു. ജോലി വെബ്‌സൈറ്റുകള്‍ വഴി തന്നെയാണ് ഇവര്‍ പെണ്‍കുട്ടികളെ ജോലി തരാമെന്ന് പറഞ്ഞ് ആകര്‍ഷിക്കുന്നതെന്നും സൈബര്‍സെല്‍ എസ്പി ഷൈലേന്ദ്ര ചൗഹാന്‍ പറയുന്നു. ഒന്‍പത് പേരാണ് സംഘത്തിലുള്ളത്. ഇതില്‍ ഏറ്റവും പ്രമുഖനാണ് ബിജെപി നേതാവ്. 

പ്രതികളില്‍ നിന്ന് ഇടപാടുകാരുടെ വിവരങ്ങളും നമ്പറുകളുമടങ്ങിയ പുസ്തകങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പുസ്തകത്തിലെ നമ്പറുകളില്‍ നിന്ന് ഉന്നതരായ പലയാളുകളെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ ബന്ധം കൂടിയന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.