തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടും അനുബന്ധ തെളിവുകളും വിശദമായി പരിശോധിച്ച ശേഷം മാത്രമാകും ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തുടർനടപടികളിലേക്ക് നീങ്ങുക. അതേ സമയം സരിത നൽകിയ ലൈംഗിക പീഡന പരാതി എന്തു ചെയ്യണമെന്ന് പൊലീസ് മേധാവി ഇതുവരെയും തീരുമാനിച്ചില്ല.
എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ വേണ്ടെന്നാണ് പുതിയ സംഘത്തിന്റെ തീരുമാനം. കമ്മീഷൻ റിപ്പോർട്ടും നിയമോപദേശവും അനുബന്ധ രേഖകളും ആദ്യം വിശദമായി പരിശോധിക്കും. അതിനായി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ യോഗം ചേരും. ഐ.ജി ദിനേന്ദ്ര കശ്യപാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു എസ്.പിയും മൂന്നും ഡി.വൈ.എസ്.പിമാരുമാണ് സംഘത്തിലുള്ളത്. കൂടുതൽ ഡി.വൈ.എസ്.പിമാരെ ഉള്‍പ്പെടുത്തും. യോഗം ചേർന്ന ശേഷം ഡി.വൈ.എസ്.പിമാർക്ക് ചുമതലകള്‍ നൽകും. നാലു കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. അഴിമതി, ലൈംഗിക ആരോപണം, കേസ് അട്ടിമറിക്കാനുള്ള ശ്രമം, മുൻ അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍. ഇവ പരിശോധിക്കാൻ സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കമ്മീഷന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായ ചില കേസുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിനാൽ നിയമപമായ പ്രശ്നങ്ങള്‍ കൂടി പരിശോധിച്ചാകും പുതിയ കേസുകൾ എടുക്കുന്നത്.
മുൻ അന്വേഷണ സംഘം കുറ്റപത്രം നൽകിയ 33 കേസുകളിൽ രണ്ടെണ്ണത്തില്‍ വിധി വന്നതാണ്. കേസുകളിൽ തുടരന്വേഷണം നടത്തണണെങ്കിൽ പുതിയ തെളിവുകള്‍ ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. ഇതിന് കേസ് ഡയറിയും നാള്‍ വഴികളും പരിശോധിക്കണം. ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ളവരുടെയും പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തണം. സാമ്പത്തിക ഇടപാടികള്‍ പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ പുതിയ സംഘത്തിന് അനുമതി നൽകാനായി പുതിയൊരു വിജ്ഞാപനം കൂടി ഇറങ്ങണം. അതിനാൽ ഒരോ ചുവടും സൂക്ഷിച്ചാവും പുതിയ സംഘം മുന്നോട്ടുപോകുക. ഉമ്മൻചാണ്ടി അഠക്കമുള്ള ആരോപണ വിധേയരും നിയമ നടപടിയിലേക്കാണ് നീങ്ങുന്നത്.
അതിനിടെ കമ്മീഷൻ റിപ്പോർട്ട് വന്നതിന് ശേഷം സരിത നൽകിയ പരാതി പുതിയ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡി.ജി.പി പറയുന്നു. എ.ജിയുടെ നിയമോപദേശം ഇതുവരെ ലഭിച്ചില്ലെന്നാണ് ബെഹ്റയുടെ വിശദീകരണം.
