സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതാരാണെന്ന തര്‍ക്കം വന്നതോടെ സര്‍ക്കാര്‍ രണ്ട് അന്വേഷണ കമ്മിഷനുകളെ നിയോഗിച്ചു. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വകുപ്പ് മേധാവികള്‍ നടത്തിയ ആദ്യ അന്വേഷണത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.പ്രവീണ്‍ലാല്‍, സൂപ്രണ്ട് ഡോ.കെ.മോഹന്‍, ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ രാജേന്ദ്രപ്രസാദ്, അന്നത്തെ റസിഡന്‍റ് ഡോ. ആനന്ദ് ടി.പി, ഡോ.ഷേര്‍ളി വാസു, ഡോ.ഉന്മേഷ് എന്നിവരുടെ മൊ‍ഴിയെടുത്തു. ഫോറന്‍സിക് വകുപ്പ് മേധാവിയും മറ്റ് ഡോക്ടര്‍മാരും തമ്മില്‍ വകുപ്പില്‍ വളരെ നാളുകളായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഡോ. ഷേര്‍ളി വാസു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും പ്രിന്‍സിപ്പല്‍ പ്രവീണ്‍ ലാല്‍ മൊഴി നല്‍കി. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങളില്‍ പങ്കെടുത്ത എല്ലാവരുടേയും ഒപ്പ് അവസാന റിപ്പോര്‍ട്ടില്‍ വാങ്ങണമെന്ന രീതി ഷേര്‍ളി വാസു പാലിച്ചില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നു. 

സൂപ്രണ്ടിന്റെ മൊ‍ഴിയനുസരിച്ച് ഡോ.ഷേര്‍ളി വാസുകൂടി അറിഞ്ഞാണ് ഉന്മേഷിനെ പോസ്റ്റുമോര്‍ട്ടം ചുമതല ഏല്‍പിച്ചത്. മാത്രവുമല്ല കലക്ടറും എസ്.പിയും ആവശ്യപ്പെട്ടതനുസരിച്ച് തലേദിവസം ഡോ.ഉന്മേഷിനെ താന്‍ ഫോണില്‍ വിളിച്ചുവരുത്തിയതായും പറയുന്നു. ഡോ. ഉന്മേഷ് ചീഫ് ആയിട്ടായിരുന്നു പോസറ്റുമോര്‍ട്ടമെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാനുണ്ടായിരുന്ന ഡോ.രാജേന്ദ്ര പ്രസാദിന്റെ മൊ‍ഴി. റസിഡന്റ് ഡോ. ആനന്ദ് ടി.പിയുടെ മൊഴിയിലും ഇത് വ്യക്തമാക്കുന്നു. 7.05ന് തുടങ്ങിയ പോസ്റ്റുമോര്‍ട്ടത്തിനിടെ ഏതാണ്ട് 7.30 ആയപ്പോള്‍ ഷേര്‍ളി വാസു എത്തി. തുടര്‍ന്ന് ചില നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും പോസ്റ്റുമോര്‍ട്ടം ചെയ്തത് ഡോ. ഉന്മേഷും സംഘവുമാണ്. കോടതി പരിഗണനയിലുള്ളതിനാല്‍ കണ്ടെത്തലുകള്‍ മാത്രം സമര്‍പ്പിക്കുന്നൂവെന്നും പുറത്തുള്ള ഒരു ഏജന്‍സിയെ കൊണ്ട് ഇത് അന്വേഷിപ്പിക്കുന്നതാകും ഉചിതമെന്നും ആദ്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രണ്ടാമത് ജോയിന്‍റ് ഡി.എം.ഇ ഡോ.ആശലത നടത്തിയ അന്വേഷണത്തിലും സാക്ഷികള്‍ നിലപാട് ആവര്‍ത്തിച്ചു. മാത്രവുമല്ല ഡോ.ഉന്മേഷ് നല്‍കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ.ഷേര്‍ളി വാസു പിന്നീട് തിരുത്തല്‍ വരുത്തിയെന്ന് ഫോറന്‍സിക് വിഭാഗം കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് കെ.വി റോസ, മൊ‍ഴി എ‍ഴുതി നല്‍കി. എന്നാല്‍ ഇത്തവണ സൂപ്രണ്ടിനെ അന്വേഷണ പരിധിയില്‍ നിന്നൊ‍ഴിവാക്കി. അന്ന് സഹായിയായി ഉണ്ടായിരുന്ന ഡോ.സഞ്ജയ് മാത്രമാണ് ഡോ.ഉന്മേഷിന് അനുകൂലമോ പ്രതികൂലമോ അല്ലാതെ ഡോ.ഷേര്‍ളി വാസുവിനെ പരോക്ഷമായി സഹായിക്കുന്ന ഒരു മൊ‍ഴി നല്‍കിയത്. ഇത് മാത്രം കണക്കിലെടുത്താണ് സര്‍ക്കാര്‍ ജീവനക്കാരന് നിരക്കാത്ത രീതിയിലാണ് ഡോ.ഉന്മേഷ് പെരുമാറിയതെന്ന റിപ്പോര്‍ട്ട് ഡോ.ആശാലത നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് ഡോ.ഉന്മേഷിനെതിരെ വകുപ്പ് തല നടപടിക്ക് നീക്കം നടക്കുന്നത്.