സമൂഹമാധ്യമങ്ങളിൽ താരമാണ് എസ് പി  സച്ചിൻ അതുൽക്കർ ആരാധിക പഞ്ചാബ് സ്വദേശിനിയായ വിദ്യാർത്ഥിനി

ഉജ്ജെയ്ൻ: പൊലീസ് ഓഫീസറാണോ അതോ സിനിമാനടനാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും ഇദ്ദേഹത്തെ കണ്ടാൽ. ബോളിവുഡ് നടൻമാരെ വെല്ലുന്ന ആകാര സൗന്ദര്യവുമായി സമൂഹമാധ്യമങ്ങളിൽ താരമാകുകയാണ് ഉജ്ജെയിനിലെ എസ് പി സച്ചിൻ അതുൽക്കർ. സിനിമാ താരങ്ങളെയും കായികതാരങ്ങളെയും അകമഴിഞ്ഞ് ആരാധിക്കുകയും അവരെ ഒരു നോക്ക് കാണാൻ എന്ത് ത്യാ​ഗം സഹിക്കാനും തയ്യാറാകുന്ന ആരാധകരുണ്ട്. എന്നാൽ ഈ ഐപിഎസ് ഉദ്യോ​ഗസ്ഥനോട് ആരാധന മൂത്ത് അദ്ദേഹത്തെ കാണാൻ ഒറ്റയ്ക്ക് യാത്ര ചെയ്ത് വന്നിരിക്കുകയാണ് പഞ്ചാബ് സ്വദേശിനിയായ വിദ്യാർത്ഥിനി. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച എസ് പി സച്ചിൻ അതുൽക്കറിന്റെ ഫോട്ടോ കണ്ടിട്ടാണ് യുവതി മധ്യപ്രദേശ് വരെ തനിച്ചെത്തിയത്. 

പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ഇരുപത്തേഴുകാരിയായ സൈക്കോളജി വിദ്യാർത്ഥിനിയാണ് അതുൽക്കറിന്റെ ആരാധിക. മൂന്നു ദിവസം മുമ്പ് ഉജ്ജെയിനിലെത്തിയ യുവതിയെ അനുനയിപ്പിച്ച് തിരികെ വിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതുൽക്കറിനെ നേരിട്ട് കണ്ടേ തിരികെ പോകൂ എന്ന തീരുമാനത്തിൽ ഇവർ ഉറച്ചു നിന്നു. എസ് പിയുടെ ഓഫീസിലും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലും യുവതി ചെന്നിരുന്നതായി മറ്റ് ഉദ്യോ​ഗസ്ഥർ പറയുന്നു. ആരും പറഞ്ഞിട്ടും തിരിച്ചു പോകാൻ തയ്യാറാകാതിരുന്ന യുവതിക്ക് ഡിപ്പാർട്ട്മെന്റിന്റെ ക്വാർട്ടേഴ്സിൽ താമസ സൗകര്യവും നൽകി. 

യുവതിയെ പഞ്ചാബിലേക്കുള്ള ട്രെയിനിൽ കയറ്റിവിടാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിന് മുന്നിൽ ചാടുമെന്നായി ഭീഷണി. ഇതിനിടയിൽ ഇവർ ആവശ്യപ്പെട്ട ഭക്ഷണസാധനങ്ങൾ എല്ലാം വാ​ങ്ങി നൽകിയതായി പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. അവസാനം പഞ്ചാബിൽ നിന്നും മാതാപിതാക്കൾ എത്തിയാണ് യുവതിയെ തിരികെ കൊണ്ടുപോയത്. 

ഔദ്യോ​ഗിക ആവശ്യങ്ങൾക്കായി ആരെ, എപ്പോൾ വേണമെങ്കിലും കാണാനും സംസാരിക്കാനും താൻ തയ്യാറാണെന്നായിരുന്നു എസ് പി അതുൽക്കറിന്റെ പ്രതികരണം. വ്യക്തിപരമായി ആരെയും കാണാൻ തന്നെ നിർബന്ധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ദിവസവും എഴുപത് മിനിറ്റ് ജിമ്മിൽ ചെലവഴിക്കുന്ന വ്യക്തിയാണ് അവിവാഹിതനായ സച്ചിൻ അതുൽക്കർ. ഫിറ്റ്നെസ് മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും അദ്ദേ​ഹത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ ശരീരഭം​ഗി കൊണ്ട് സച്ചിൻ അതുൽക്കർ സമൂഹമാധ്യമങ്ങളിൽ താരമാണ്.