അബോധാവസ്ഥയില്‍ ഉദ്യോഗസ്ഥനെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പും പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്

കാണ്‍പൂര്‍:വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ സുരേന്ദ്ര കുമാര്‍ ദാസിന്‍റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെയാണ് സുരേന്ദ്ര കുമാറിനെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം വിഷാദ രോഗത്തിന് അടിമപ്പെട്ട് വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പൊലീസിന്‍റെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസങ്ങളില്‍ സുരേന്ദ്ര കുമാര്‍ ഇന്‍റര്‍നെറ്റില്‍ പരതിയത് ജീവിതം എങ്ങനെ അവസാനിപ്പികുമെന്നതിനുള്ള വഴികളായിരുന്നുവെന്ന് അന്വേഷണത്തില്‍ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഫോണും ലാപ്ടോപും പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ മനസിലായത്.

കൂടാതെ, കത്തി ഉപയോഗിച്ച് എങ്ങനെ മരിക്കാം, വിഷം കഴിക്കുന്ന വിധം എന്നിവയുടെ വീഡിയോകളും കണ്ടിരുന്നു. ഇതില്‍ നിന്ന് അദ്ദേഹത്തിന്‍റെ മാനസിക നില ശരിയായിരുന്നില്ലെന്നുള്ള കാര്യം വ്യക്തമായതായി എസ്എസ്പി ആനന്ദ് വേദ് പറഞ്ഞു. അബോധാവസ്ഥയില്‍ ഉദ്യോഗസ്ഥനെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പും പരിശോധിക്കുന്നുണ്ട്.

ഉദ്യോഗസ്ഥന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി കാണ്‍പൂരിലേക്ക് മുംബെെയില്‍ നിന്ന് വിദഗ്ധ സംഘമെത്തും. കഴിഞ്ഞ മാസം ഒമ്പതിനാണ് കാണ്‍പൂര്‍ ഈസ്റ്റ് എസ്പിയായി സുരേന്ദ്ര കുമാര്‍ നിയമിതനായത്.

ജോലി സ്ഥലത്തുണ്ടായ എന്തെങ്കിലും സമ്മര്‍ദമാണോ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വീട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്ന് സുരേന്ദ്ര കുമാറും ഭാര്യയും തമ്മില്‍ വഴക്കുണ്ടായതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ജന്മാഷ്ടമിക്ക് വാങ്ങിയ ഭക്ഷണത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം.